തൃശൂര്‍ കോര്‍പ്പറേഷനെ യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിംഗ് സിറ്റി ആക്കുന്ന പദ്ധതി  മേയര്‍ എം കെ വര്‍ഗ്ഗീസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു.സംസ്ഥാനത്ത് ആദ്യമായി ലേണിംഗ് സിറ്റി നഗരമായി തൃശൂര്‍ കോര്‍പ്പറേഷനെ മാറ്റുന്നതിനായി ജീവിക്കുക – പഠിക്കുക – പഠിപ്പിക്കുക – ആഘോഷിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ അങ്കണവാടികൾ, സ്കൂളുകൾ, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് യുനെസ്കോയുടെ അംഗീകാരം ലഭിക്കാനുള്ള പദ്ധതിയാണ് സമർപ്പിച്ചത്.

ഇതോടൊപ്പം മേയറും വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയും കില അര്‍ബന്‍ ചെയർമാൻ  പ്രൊഫ.ഡോ അജിത് കള്ളിയത്തും തൃശൂര്‍ നഗരവികസനവുമായി ബന്ധപ്പെട്ട് നഗരാസൂത്രണം, സുസ്ഥിരമായ നഗരങ്ങളെ നിലനിര്‍ത്തുക, നഗരങ്ങളിലെ കാലാവസ്ഥാ വ്യതിയാനം, നഗരത്തിലെ മറ്റ് പഠനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പുരോഗതി കൈവരിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് സന്ദര്‍ശിച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കോര്‍പ്പറേഷന്‍റെ വികസനത്തിനായി നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് എല്ലാ പിന്തുണയും നല്‍കുമെന്നും എൻ ഐ യു എ പ്രതിനിധികള്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് അതിവേഗം സമര്‍പ്പിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.