കേരള ജനസംഖ്യയുടെ 40% വരുന്ന ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സയ്ക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്). ആയുഷ്മാന്‍ ഭാരത്-പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ പരിപൂര്‍ണ നടത്തിപ്പ് ചുമതല സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ്.
ഇടുക്കി ജില്ലയില്‍ നിലവില്‍ 6 സര്‍ക്കാര്‍ ആശുപത്രികളും 18 സ്വകാര്യ ആശുപത്രികളുമാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി എംപാനല്‍ ചെയ്തിരിക്കുന്നത്. 18 സ്വകാര്യ ആശുപത്രികളില്‍ 7 എണ്ണം കോവിഡ് ചികിത്സയ്ക്കു വേണ്ടി മാത്രം എംപാനല്‍ ചെയ്തതാണ് .
2018 – 19 സാമ്പത്തിക വര്‍ഷം സാധുവായ ആര്‍.എസ്.ബി.വൈ. കാര്‍ഡുള്ള എല്ലാ കുടുബാംഗങ്ങള്‍ക്കും, കേന്ദ്രസര്‍ക്കാരിന്റെ എസ്.ഇ.സി.സി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കുമാണ് നിലവില്‍ പദ്ധതിയില്‍ അംഗത്വമെടുക്കാവുന്നത്.