കേരളത്തിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ആക്ട്സിന്റെ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ആക്ട്സിന്റെ ഡ്രൈവർമാർക്കും സന്നദ്ധസേവകർക്കും മൊമെന്റോ നൽകി.
മാനവികത, സ്നേഹം എന്നീ മൂല്യങ്ങൾ ഉയർത്തി മനുഷ്യർ ഒന്നിച്ചാൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്ന് കലക്ടർ അഭിപ്രായപെട്ടു. കോവിഡ് മഹാമാരിയെ ആശങ്കയോടെ കണ്ടിരുന്ന സമയത്ത് സഹായത്തിന് വിളിച്ചാൽ എത്തിയിരുന്ന ആക്ട്സിന്റെ സന്നദ്ധസേവകരുടെ സേവനം വിലമതിക്കാനാകില്ലെന്നും കലക്ടർ പറഞ്ഞു.
ജാതി മത ലിംഗ വിവേചനമില്ലാതെ കഴിഞ്ഞ 21 വർഷങ്ങളായി ആക്ട്സിന്റെ 17 ബ്രാഞ്ചുകൾ കേരളത്തിൽ 24 മണിക്കൂർ സേവനം നൽകുന്നുണ്ട്. ഈ കൂട്ടായ്മയിൽ
21 വയസ്സുകാർ മുതൽ 81 വയസ്സുള്ള സന്നദ്ധസേവകർ വരെയുണ്ട്.ആക്ട്സ് ജനറൽ സെക്രട്ടറി ഫാദർ ഡേവിസ് ചിറമ്മൽ, ആക്ട്സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ,
വൈസ് പ്രസിഡന്റ് ടി എ അബൂബക്കർ കൂർക്കഞ്ചേരി,മുഖ്യാതിഥി ഡോക്ടർ രാഹുൽ യു ആർ, ആരോഗ്യ കേരളം ജനറൽ കൺവീനർ സി ആർ വത്സൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.