സ്റ്റാർട്ട്‌ അപ്പ്‌ വില്ലേജ് എന്റർപ്രെനർഷിപ് പ്രോഗ്രാം (SVEP) നടപ്പാക്കുന്നതിന് തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് തിരഞ്ഞെടുത്തതായി സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു. പരമാവധി 5.7 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുക.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ അറുപത് ശതമാനം കേന്ദ്രത്തിന്റേയും നാൽപ്പത് ശതമാനം സംസ്ഥാന സർക്കാരിന്റേയും വിഹിതമായിരിക്കും.
കുടുംബശ്രീ ജില്ലാ മിഷൻ തൃത്താല ബ്ലോക്കിന് പദ്ധതിയുടെ ആനുവൽ ആക്ഷൻ പ്ലാൻ സമർപ്പിക്കുകയും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിക്കുകയും ചെയ്തു. തൃത്താലക്ക് പുറമേ സംസ്ഥാനത്തെ ഏഴ് ബ്ലോക്കുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. ബ്ലോക്ക് പ്രദേശത്ത് പരമാവധി വ്യക്തിഗത / ഗ്രൂപ്പ് സംരഭങ്ങൾ ആരംഭിക്കുകയാണ് എസ്.വി ഇ.പിയുടെ ലക്ഷ്യം. ഇത് പ്രകാരം തൃത്താല ബ്ലോക്കിൽ ബേസ് ലൈൻ സർവ്വേ നടത്താൻ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യ യോഗം വിളിച്ചു ചേർക്കുമെന്ന് സ്പീക്കർ പറഞ്ഞു.