മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാം. പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെയും ജില്ലാ ലീഡ് ബാങ്കിന്റെയും  ആഭിമുഖ്യത്തില്‍ മൂന്ന് മാസത്തെ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. അപേക്ഷ ഫോമില്‍ നിഷ്‌കര്‍ഷിച്ച തിരിച്ചറിയല്‍ രേഖയോടുകൂടി കര്‍ഷകര്‍ക്ക്  മൃഗാശുപത്രികളില്‍ അപേക്ഷ നല്‍കാം.

കൃത്യമായ രേഖകളോടുകൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എല്ലാ ആഴ്ച്ചയിലും ജില്ലാ സമിതി  പരിശോധിച്ച് അതത് ബാങ്കുകളിലേക്ക് നല്‍കും. കര്‍ഷകര്‍ക്ക് 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. തുക കൃത്യമായി തിരിച്ചടക്കുന്നതു വഴി പലിശ ഇനത്തില്‍ 5 ശതമാനം സബ്‌സിഡിയായി ലഭിക്കും.

കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കായിരിക്കും .ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമുള്ള നിശ്ചിത തുക അഡ്വാന്‍സായി ലഭ്യമാക്കുന്നതിലൂടെ മൃഗ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.