കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമിനാര്‍ സി.പി.സി.ആര്‍.ഐയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും സാങ്കേതിക വിദ്യയുടെ പുത്തന്‍ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി വൈവിധ്യമേറിയ വിളകള്‍ ഉത്പാദിപ്പിക്കാന്‍ നമുക്ക് സാധിക്കണമെന്നും എം.പി.പറഞ്ഞു. കാര്‍ഷിക മേഖലയിലെ പദ്ധതി രൂപീകരണത്തിനും പുനര്‍ ചിന്തകള്‍ക്കും കര്‍ഷകരുടെ ആശങ്ങള്‍ ആവശ്യമാണെന്നും അവര്‍ക്ക് അത് പദ്ധതി രൂപീകരണത്തിന് ഗുണ ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യമാക്കി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തയ്യാറാക്കിയ സമഗ്ര ജില്ലാ വികസന പ്ലാനിന്റെ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.

സുസ്ഥിര വികസനം തല്‍ സ്ഥിതിയും വികസന തന്ത്രങ്ങളും വിഷയത്തില്‍ സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി തമ്പാന്‍ വിഷയാവതരണം നടത്തി. സസ്യ സംരക്ഷണം ഇന്നലെ-ഇന്ന്-നാളെ എന്ന വിഷയത്തില്‍ പടന്നാക്കാട് കാര്‍ഷിക കോളേജ് പ്രഫസര്‍ ഡോ.കെ.എം ശ്രീകുമാര്‍ ക്ലാസെടുത്തു.

കാര്‍ഷിക ആസൂത്രണം- മികവിന് വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വത്സലന്‍ സംസാരിച്ചു. സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി. തമ്പാന്‍ ചര്‍ച്ചയ്ക്ക് മോഡറേറ്ററായി. കാസര്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനീത കെ. മേനോന്‍ ചര്‍ച്ച ക്രോഡീകരിച്ചു. ചടങ്ങില്‍ കാസര്‍കോട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ടി. സുശീല സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ മിനി.പി ജോണ്‍ നന്ദിയും പറഞ്ഞു.

എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷറഫ് എന്നിവര്‍ അഗ്രി ഹോര്‍ട്ടി സൊസൈറ്റി നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്ലാന്റ് ജീനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് ജേതാവ് സത്യനാരായണ ബലേരിയെ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ അനിതാ കരുണ്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അഷറഫലി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസല്‍, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. ജനാര്‍ദ്ദനന്‍, ബങ്കളം പി. കൃഷ്ണന്‍, ടോമി പ്ലാച്ചേരി, സി.എ അബ്ദുള്ളകുഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ദാമോദരന്‍ ബെള്ളിഗെ, മൈക്കിള്‍ എം. പൂവത്താണി, സുരേഷ് പുതിയേടത്ത്, ആന്റക്സ് ജോസഫ്, സണ്ണി അരമന, അസീസ് കടപ്പുറം, മോഹനന്‍നായര്‍ കരിച്ചേരി, കെ.ടി സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.