ഒല്ലൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി, പിഡബ്ല്യുഡി വിവിധ പ്രോജക്ടുകളുടെ അവലോകന യോഗം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കേണ്ടതായ  പ്രോജക്ടുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ യോഗത്തിൽ നടന്നു.

പീച്ചി-വാഴാനി റോഡുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ മന്ത്രി ആരാഞ്ഞു. ടെണ്ടർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അതിവേഗത്തിൽ പ്രശ്ന പരിഹാരം കാണണമെന്ന് മന്ത്രി പറഞ്ഞു.  എടക്കുന്നി റോഡിലെ കുഴി അടയ്ക്കൽ, കാന നിർമ്മാണം, വൈദ്യുതി തടസം പരിഹരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. ഇതിന് പുറമെ നടത്തറ – മൂർക്കനിക്കര, മലയോര ഹൈവേയുടെ ഭാഗമായ പട്ടിക്കാട്, വെറ്റിലപ്പാറ തുടങ്ങി വിവിധ റോഡുകളുടെ അറ്റക്കുറ്റപണികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
പിഡബ്യുഡിയുടെ നിർമ്മാണ ചുമതലയുള്ള പ്രധാന റോഡുകളായ തൃക്കൂർ, കൊഴുപ്പിള്ളി, തലോർ, ഒല്ലൂർ സെന്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി.

സുവോളജിക്കൽ പാർക്കിന്റെ ഫെയ്സ് 2 പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.മണ്ഡലത്തിലെ റോഡുകളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാകും എന്നത് സംബന്ധിച്ച് മന്ത്രിയും ജില്ലാ കലക്ടറും ആരാഞ്ഞു. കാലതാമസം കൂടാതെ പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.കലക്ട്രേറ്റ് ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.