നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം വീട്ടിലെത്തിയ സന്തോഷത്തിലാണ് ചാക്കുണ്ണിയും ഭാര്യ മേരിയും. മൂന്ന് പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായി ജനസേവനം നടത്തിയ കാരേപറമ്പിൽ റപ്പായി മകൻ ചാക്കുണ്ണിയുടെ വീട്ടിൽ നേരിട്ടെത്തി റവന്യൂ മന്ത്രി കെ രാജനാണ് പട്ടയം കൈമാറിയത്. ഒരേക്കർ ദേവസ്വം ഭൂമിയാണ് പട്ടയമായി ലഭിച്ചത്.

കഴിഞ്ഞ 40 വർഷമായി സ്ഥലത്തിന് പട്ടയം ഇല്ലായിരുന്നു. 2015ലാണ് പട്ടയം ലഭിക്കാനായി  അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും മൂലം കൃത്യമായി അപേക്ഷ നൽകാൻ കഴിയാത്തതിനാൽ കഴിഞ്ഞ പട്ടയമേളയിൽ പട്ടയം ലഭിച്ചില്ല.കോർപ്പറേഷന്റെ ഭാഗമായ പഴയ ഒല്ലൂക്കര പഞ്ചായത്തിന്റെ പ്രസിഡന്റായി 35 വർഷം സേവനം അനുഷ്ഠിച്ച ചാക്കുണ്ണിക്ക് ഈ പട്ടയം ജനപ്രതിനിധി സേവനത്തിന്റെ ഗുരുദക്ഷിണ കൂടിയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.ജില്ലാ കലക്ടർ ഹരിത വി കുമാർ,പി ബാലചന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി കലക്ടർ
കെ ഉഷ ബിന്ദു മോൾ, തൃശൂർ തഹസിൽദാർ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.