ജില്ലയിലെ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. സാങ്കേതിക തടസങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ജില്ലാ കലക്ടർ ജാഫർ മാലിക് പദ്ധതി പുരോഗതി സംബന്ധിച്ച് അവതരണം നടത്തി.

ജില്ലയിലെ പ്രധാനപ്പെട്ട പദ്ധതികൾ തടസങ്ങളില്ലാതെ മുന്നേറുകയാണ്. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വീതി കൂട്ടൽ നടപടികൾ പുരോഗമിക്കുകയാണ്. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ഭൂമി വിട്ടു നൽകിയവർക്ക് തുക കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഫണ്ട് ലഭിക്കുന്ന മുറക്ക് ഇവർക്കുള്ള തുക കൈമാറും. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ സ്ഥലം ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. ഡിസംബർ 31 നുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറാണ് ലക്ഷ്യമിടുന്നത്.

മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിനായി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ ആറ് ഏക്കർ 40 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ ഭൂമിക്കു പുറമെയാണിത്.

സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയും വേഗത്തിൽ മുന്നേറുന്നു. അഞ്ച് കനാലുകളാണ് നവീകരിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി ഇടപ്പള്ളി കനാലിൻ്റ വീതി കൂട്ടുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. നിലവിലുള്ള തോടിൻ്റെ രണ്ടു ഭാഗത്തും രണ്ട് മീറ്റർ അധികം എടുത്താണ് വീതി വർധിപ്പിക്കുന്നത്. ഇതിനായി രണ്ട് കിലോമീറ്ററോളം അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. ആകെ പതിനൊന്ന് കിലോമീറ്റർ ഭാഗത്താണ് വീതി കൂട്ടുന്നത്. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര , വാഴക്കാല, നടമ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് നവീകരണത്തിനായി ഏറ്റെടുക്കുന്നത്.

കെ – റെയിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി. ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഫീൽഡ് സർവെ നടപടികൾ പൂർത്തിയായി. ജനുവരി അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നും കളക്ടർ അറിയിച്ചു.

സിറ്റി ഗ്യാസ് പദ്ധതിയിൽ ഡിസംബറോടെ ജില്ലയിൽ 10,000 കണക്ഷനുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2022 മാർച്ചിൽ 26,000 കണക്ഷനുകളും പൂർത്തീകരിക്കും.

ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ 215 ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 27 എണ്ണം പൂർത്തിയായി. 88 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

വാതിൽപ്പടി സേവനം പദ്ധതിയിൽ മഞ്ഞപ്ര പഞ്ചായത്തിലും പിറവം , അങ്കമാലി മുനിസിപ്പാലിറ്റികളിലും ഡിസംബർ 31 നുള്ളിൽ ആദ്യ ഘട്ടം നടപ്പിലാക്കും. ഇതിനു ശേഷം മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ സന്നദ്ധ സേനയെ തിരഞ്ഞെടുക്കലും തിരിച്ചറിയൽ കാർഡ് വിതരണവും ഗുണ ഭോക്താക്കളുടെ തിരഞ്ഞെടുപ്പും പൂർത്തിയായി. ജില്ലാ വികസന കമ്മീഷണർ ഷിബു കെ അബ്ദുൾ മജീദ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.