ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ചതുര്‍ദിന പുസ്തകോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു

ശരീരത്തിന് കായികമായ വ്യായാമം എന്നതുപോലെ മാനസികമായ വ്യായാമമാണ് പുസ്തക വായന സമ്മാനിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം മേല്‍മുറി മഅ്ദിന്‍ ക്യാമ്പസിലെ പ്രൊഫ. പാലക്കീഴ് നാരായണന്‍ നഗറില്‍ നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന മതേതര ഇടങ്ങളാണ് പുസ്തകങ്ങളെന്നും പുതിയ കാലത്തെ സാങ്കേതികവിദ്യകള്‍ക്കിടയിലും അക്ഷരങ്ങളുടെ ജനകീയ ഉത്സവമൊരുക്കി പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ലൈബ്രറി കൗണ്‍സില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ശക്തമായ സാസ്‌കാരിക പാരമ്പര്യമുള്ള ജില്ലയാണ് മലപ്പുറം. ഭാഷാപിതാവുള്‍പ്പടെയുള്ളര്‍ക്ക് ജന്മം നല്‍കിയതിലൂടെ അനുഗൃഹീതമാണിവിടമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരങ്ങള്‍ ഉറങ്ങുന്ന ഇടങ്ങളല്ല പുസ്തകങ്ങള്‍, മറിച്ച് ഓരോ പുസ്തകങ്ങളും ഓരോ പുതിയ ലോകവും അറിവുകളുമാണ് വായനക്കാരന് സമ്മാനിക്കുന്നത്. ഇത്തരത്തില്‍ തലമുറകള്‍ക്ക് കൈമാറപ്പെടുന്ന അറിവുകളുടെ ഇടനിലക്കാരാണ് അക്ഷരങ്ങളെന്നും അക്ഷരങ്ങള്‍ ആയുധങ്ങളാകുമ്പോഴാണ് മനുഷ്യനില്‍ മാറ്റത്തിന്റെ തുടക്കമുണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രദീപ് പേരശ്ശനൂര്‍ എഴുതിയ ‘പത്മനാഭം – ഒരനുവാചകന്റെ ആത്മകഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വായനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

മലപ്പുറത്തെ എഴുത്തുകാരുടെ കൂട്ടായ്മയുടെ സ്റ്റാള്‍ കൂടാതെ 75 പ്രസാധകരാണ് നാല് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. മലയാള ഭാഷയിലുള്ള പുസ്തകങ്ങള്‍ 33 ശതമാനവും ഇംഗ്ലീഷ് ഭാഷാപുസ്തങ്ങള്‍ 25 ശതമാനവും വിലക്കുറവിലാണ് സ്‌കൂളുകള്‍, കോളജുകള്‍, ലൈബ്രറികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പുസ്തകോത്സവത്തിലൂടെ നല്‍കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വി.എം കുട്ടി, പ്രൊഫ. പാലക്കീഴ് നാരായണന്‍ എന്നിവരുടെ പുസ്തകങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു. പുസ്തകോത്സവത്തിലെ അദ്യ വില്‍പ്പനയുടെ ഉദ്ഘാടനം മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ കൗണ്‍സിലര്‍ സി.കെ ഫാത്തിമ സുഹ്റ അയമു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ. ശിവദാസന്‍, സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, അജിത് കൊളാടി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി കെ.വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.