പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിലില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ്.എസിൽ കിഫ്ബി സഹായത്തോടെ 5 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സംസ്ഥാനമാണ് കേരളം. വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് ഒരു പിന്തുണയും നൽകില്ല. 47 ലക്ഷം വിദ്യാർഥികളുടെ പ്രശ്‌നമാണിതെന്ന് മന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കുന്ന നാടാണിത്. വാശിയും വൈരാഗ്യവും കാണിച്ച് ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കാത്ത നിലപാടാണ് ചിലർ സ്വീകരിക്കുന്നത്.

വിവിധ സ്കൂളുകളിലായി അയ്യായിരത്തോളം അധ്യാപക- അനധ്യാപകരാണ് വാക്‌സിൻ എടുക്കാത്തവരായി ഉള്ളത്. ഇവരോട് രണ്ടാഴ്ചക്കാലം വീട്ടിലിരിക്കാൻ പറഞ്ഞു. ഇവർക്ക് ഒരു കോണിൽനിന്നും പിന്തുണ കിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ തുറന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ എവിടെയും ഇല്ലാത്തത് ആശ്വാസകരമാണ്. പരീക്ഷകൾക്കെതിരെയും ചിലർ വികാരം ഉയർത്തുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ വിലയിരുത്താൻ പരീക്ഷ തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ ചേർക്കാൻ രക്ഷിതാക്കൾ മത്സരിക്കുന്ന കാലമാണിതെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കെ.കെ.രമ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ
കെ.നിഷ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂളിലെ കളിസ്ഥലത്തിനു വേണ്ടിയുള്ള പ്രൊജക്ട് റിപ്പോർട്ട് പി.ടി.എ. പ്രസിഡന്റ് വി.കെ.ബിജു വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിച്ചു. കെ.എ.എസ്. നേടിയ പൂർവ്വ അധ്യാപകൻ എ.കെ.പ്രതീഷ്, പൂർവ്വ വിദ്യാർഥി എസ്.അഭിജിത്ത്, കെട്ടിടത്തിന്റെ പ്രവൃത്തി കരാറെടുത്ത യു.എൽ.സി.സി.എസ് ഡയറക്ടർ സി.വത്സൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, വൈസ് ചെയർമാൻ പി.കെ.സതീശൻ, സിന്ധു പ്രേമൻ, എം.ബിജു, സി.കെ.വാസു, കെ.എം.ഹരിദാസൻ, വി.കെ.അസീസ്, പി.കെ.ബാലകൃഷ്ണൻ, പി.രജനി തുടങ്ങിയവർ പങ്കെടുത്തു .