റെയില്‍ മേല്‍പ്പാലം നിര്‍മ്മാണം – ത്രികക്ഷി കരാര്‍ ഒപ്പിടും
കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.
കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം  81,800 രൂപ (ഫിക്സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആര്‍.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും.  ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും.
മുന്‍സര്‍വ്വീസില്‍ നിന്നും കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിംഗ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.
18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വര്‍ഷം പ്രീ-സര്‍വ്വീസ് പരിശീലനവും സര്‍വ്വീസില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.
പുതിയ എയ്ഡഡ് കോളേജ്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ 2021-2022 അധ്യയന വര്‍ഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്സുകളാണ് ഉണ്ടാവുക. ട്രൈബല്‍ ആര്‍ട്സ് & സയന്‍സ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.
സംസ്ഥാന ഭക്ഷ്യ കമ്മീഷനില്‍ പൊതുവിഭാഗത്തില്‍ നിലവിലുള്ള അംഗത്തിന്‍റെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ  നിയമിച്ചു.
ശമ്പള പരിഷ്ക്കരണം
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.  9-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.
തസ്തിക
മത്സ്യഫെഡില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ (ഐടി)തസ്തിക സൃഷ്ടിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്‍റ് മാനേജര്‍ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നല്‍കി.
ചികിത്സാ സഹായം
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.