സാമൂഹ്യനീതി വകുപ്പിന്റെ വര്‍ണ്ണം പദ്ധതി പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലര്‍ പഠനം നടത്താന്‍ സാധിക്കാത്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനു സാമ്പത്തിക സഹായം അനുവദിയ്ക്കുന്ന പുതിയ പദ്ധതിയാണ് വര്‍ണ്ണം.
കോഴ്സ് രജിസ്ട്രേഷന്‍ മുതല്‍ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകള്‍ക്കും പ്രതിവര്‍ഷം പരമാവധി 24,000 രൂപ വരെ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം, വിശദവിവരങ്ങള്‍ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോമില്‍ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.