വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം – ഉണർവ് 2021 സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജാഫർ മാലിക് പതാക ഉയർത്തി. കൂടാതെ സഹചാരി, വിജയമൃതം പദ്ധതികളുടെ പുരസ്കാര വിതരണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

ജില്ലാതല ദിനാചരണ പരിപാടികളുടെ ഭാഗമായി ഭിന്നശേഷിക്കാരുടേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാകായിക, ചിത്രരചനാ മത്സരങ്ങള്‍, ഷോർട്ട് ഫിലിം പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ സഹചാരി അവാർഡ് ജേതാക്കളായ എസ്. പി. സി യൂണിറ്റ് – എസ്.ഡി.പി.വൈ. കെ.വി.എം ഹൈസ്കൂൾ എടവനക്കാട്, എൻ. എസ്. എസ് യൂണിറ്റ് – സെന്റ് മേരീസ്‌ ഹയർസെക്കന്ററി സ്കൂൾ, എസ്. പി. സി യൂണിറ്റ് – രാമമംഗലം ഹയർസെക്കന്ററി സ്കൂൾ എന്നിവർക്കുള്ള പുരസ്കാരവും ചടങ്ങിൽ കൈമാറി. വിജയമൃതം 2021 വിജയികളായ സച്ചു ജോസഫ്, ശ്രീലക്ഷ്മി ടി. എം, ടിനു അലക്സ്‌, നവ്യ റോസ് തോമസ് എന്നിവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടത്തി. കൂടാതെ ഭിന്നശേഷി കുട്ടികൾക്കായി ഓൺലൈനായി സംഘടിപ്പിച്ച വിവിധ മത്സര ഇനങ്ങളിൽ വിജയികൾക്കുള്ള അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്രനിർമ്മാതാവ് ബാദുഷ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സുബൈർ കെ കെ, ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീ വി, ജില്ലാ ലേബർ ഓഫീസർ ഫിറോസ് പി എം, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്, എസ് കെ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ ഉഷ മണാട്ട്, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സ്മിത എം വി, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.