രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറികള്‍. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിസാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ്, അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളായി ഡിസ്പെന്‍സറികളെ ഉയര്‍ത്തുന്നത്. കീഴ്മാട് , മലയാറ്റൂർ , തുരുത്തിക്കര , വല്ലാർപാടം ,വാവക്കാട്, വെങ്ങോല ആയുർവേദ ഡിസ്പെന്‍സറികളിലും ചോറ്റാനിക്കര, ഇടക്കൊച്ചി ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധ സസ്യ ഉദ്യാനങ്ങള്‍.

നെല്ലി ,കുറുന്തോട്ടി,കീഴാർനെല്ലി,ബ്രഹ്മി,ചിറ്റമൃത് ,,കറ്റാർവാഴ ,ചങ്ങലംപരണ്ട, വാതംകൊല്ലി ,മുത്തിൾ ,ആര്യവേപ്പ്,ശതാവരി,ഇഞ്ചി , മഞ്ഞൾ, ആവണക്ക് ,തുളസി ,കരിനൊച്ചി,ആടലോടകം , ഉഷമലരി, കല്ലുരുക്കി , എരുക്ക്,അയമോദകം,ദശപുഷ്പങ്ങൾ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും ഓരോ ചെടിയോടൊപ്പവും ഉണ്ട്. . തുടർപരിപാലനത്തിന് ഓരോ ഡിസ്പെൻസറിയിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ: എം.എസ്. നൗഷാദ് , ആയുർവേദ ഡി.എം.ഒ ഡോ: സോണിയ ഇ എ , ഹോമിയോ ഡി.എം.ഒ ഡോ:ലീന റാണി എന്നിവർ ജില്ലയിലെ ക്രമീകരണങ്ങൾക്ക് നേതൃത്യം നല്കി. ജില്ലയിലെ മറ്റ് ഡിസ്പെന്‍സറികളിലും ഘട്ടം ഘട്ടമായി ഉദ്യാനങ്ങളൊരുക്കാനാണ് പദ്ധതി.