സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളമ്പച്ചി എന്ന് പുനര്‍നാമകരണം ചെയ്തു. സ്‌കൂള്‍ പുനര്‍നാമകരണ പ്രഖ്യാപനം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആര്‍ എം എസ്എ യുടെ സഹായത്തോടെ സ്‌കൂളിന് അനുവദിച്ച കെട്ടിടം, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പിടിഎ പണിത പ്രവേശനകവാടം, അധ്യാപക സംഘടന കെ എസ് ടി എ നിര്‍മിച്ചുനല്‍കിയ പ്രവേശനകവാടം എന്നിവ തദ്ദേശസ്വയംഭരണം എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി കെ ഹരീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നജീബ് ടി എസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മരായ എം സുനീറ എന്‍ സുധീഷ്, സൗദ എം, കെ എന്‍ വി ഭാര്‍ഗവി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം പി കരുണാകരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി ദിലീപ് കുമാര്‍, ഫോക്ക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി ജയരാജന്‍, പൂര്‍വ്വ വിദ്യാര്‍ഥിസംഘടന കണ്‍വീനര്‍ പി എന്‍ സുനില്‍, മദര്‍ പിടിഎ പ്രസിഡണ്ട് കെ വി ബിന്ദു എന്നിവര്‍ സംസാരിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ രഘുനാഥ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി മുരളീധരന്‍ നന്ദിയും പറഞ്ഞു. കെ എസ് ടി എ നിര്‍മിച്ചു നല്‍കിയ ഗേറ്റ് താക്കോല്‍ സംഘടനാ സംസ്ഥാന ട്രഷറര്‍ ടി കെ എ ഷാഫി, സ്‌കൂള്‍ പ്രഥമാധ്യാപിക പി ലീനയ്ക്ക് കൈമാറി.

ജില്ലയിലെ മികച്ച പൊതു വിദ്യാലയമായ ഇളമ്പച്ചി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020- 21 വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ഥികളെയും എന്‍ എം എം എസ് രാജ്യപുരസ്‌കാര്‍ വിജയികളെയും ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ കവാടത്തില്‍ റിലീഫ് മ്യൂറല്‍ ചിത്ര രചനയ്ക്ക് നേതൃത്വം നല്‍കിയ പ്രശസ്ത ചുമര്‍ചിത്രക്കാരന്‍ കെ ആര്‍ ബാബു , സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥി കൃഷ്ണദാസ് പലേരി, കവാടത്തില്‍ കഥകളി ശില്പം ഒരുക്കിയ ശില്പി പി ബാലകൃഷ്ണന്‍, ലോഗോ രൂപകല്‍പന ചെയ്ത മധു ഒര്‍ജിന്‍, എം ദിവാകരന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു