ജലശക്തി അഭിയാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ക്യാച്ച് ദ് റെയിന്‍’ പദ്ധതിയുടെ ജലസംരക്ഷണ പുരോഗതി അവലോകനയോഗം പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. ജലസ്രോതസ്സുകളുടെ ജിയോ ടാഗിംഗിനായി ഓരോ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ സമര്‍പ്പിച്ചു.

88 പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചുപേര്‍ വീതമുള്ള ടീമുകള്‍ക്കുള്ള പരിശീലനം ഡിസംബര്‍ 9, 10 തീയതികളില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഇതിനുശേഷം ഡിസംബര്‍ 15 മുതല്‍ സര്‍വേ ആരംഭിക്കും. ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജലശക്തി അഭിയാന്റെ പോര്‍ട്ടലില്‍ രേഖപ്പെടുത്താനും സബ് കലക്ടര്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വാട്ടര്‍ അതോറിറ്റി, ചെറുകിട ജലസേചനം, ശുചിത്വമിഷന്‍, കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.