ഡിസംബർ 1 മുതൽ 4 വരെ വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ വെള്ളി മെഡൽ നേട്ടവുമായി പൊഴുതന സ്വദേശി നിതിൻ ഷാജി. ഓട്ടോമൊബൈൽ ടെക്നോളജി വിഭാഗത്തിലാണ് നിതിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. പൊഴുതന തറപ്പുതോട്ടിയിൽ ഷാജിയുടെയും ലളിതയുടെയും ഇളയ മകനാണ് നിതിൻ. 39 മത്സര ഇനങ്ങളിലായി കേരളം 16 സ്വർണവും 16 വെള്ളിയും നേടി കരുത്തു തെളിയിച്ചു.
കേരള അക്കാദമി ഫോർ സ്‌കിൽസ് എകസ്‌ലൻസും വ്യാവസായിക പരിശീലന വകുപ്പും സംയുകതമായാണ് ഇന്ത്യ സ്‌കിൽസ് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിച്ചത്. റീജിയണൽ ലെവൽ മത്സരത്തിനു മുന്നോടിയായി വിവിധ വ്യാവസായിക സ്ഥാപനങ്ങളുമായി സഹകരിച്ചു മികച്ച രീതിയിലുള്ള പരിശീലനം നൽകി. കേരളം, കർണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ5 സംസ്ഥാനങ്ങളിൽ നിന്നും 51 തൊഴിൽ മേഖലകളിലായി 19 നും 24 നും മദ്ധ്യേയുള്ള 400 മത്സരാർത്ഥികൾ പങ്കെടുത്തു. കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴിൽ നാഷണൽ സ്‌കിൽസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഇന്ത്യ സ്‌കിൽസ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്വർണവും വെള്ളിയും കരസ്ഥമാക്കിയ 32 വിദ്യാർത്ഥികൾ ജനുവരിയിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.