പിന്നാക്ക വിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുക ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ
നൽകുന്നതിനൊപ്പം അവരെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവർഗ – പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡോ.ബി ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ തൃശൂർ പ്രസ് ക്ലബ്ബിൽ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി മെച്ചപ്പെട്ട ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി കൊടുക്കും. ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നപ്പോൾ പട്ടികവർഗ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്താൻ നിഷേധാത്മകമല്ലാത്ത വാർത്തകൾ നൽകാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ എം കെ വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വി പി നിസ്സാറിന്റെ ‘തെളിയാതെ അക്ഷരക്കാടുകള്‍’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നാക്കാവസ്ഥ, കാരണങ്ങള്‍, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പരമ്പരയില്‍ വിവരിക്കുന്നുണ്ട്. ദൃശ്യമാധ്യമത്തില്‍ ട്വന്റിഫോര്‍ കറസ്പോണ്ടന്റ് വി എ ഗിരീഷിന്റെ ‘തട്ടിപ്പല്ല, തനിക്കൊള്ള’ എന്ന പരമ്പരയ്ക്കും അവാര്‍ഡ് ലഭിച്ചു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് ലഭിച്ച പെട്രോള്‍ പമ്പുകള്‍/ഗ്യാസ് ഏജന്‍സികള്‍ അന്യ വിഭാഗക്കാര്‍ തട്ടി എടുക്കുന്നത് സംബന്ധിച്ചാണ് പരമ്പര. മാധ്യമം റിപ്പോര്‍ട്ടര്‍ ഡോ ആര്‍ സുനിലും, ജീവന്‍ ടി വി ന്യൂസ് എഡിറ്റര്‍ സുബിത സുകുമാരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. 30,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.ചടങ്ങിൽ കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, പട്ടികജാതി വികസന വകുപ്പ് നോർത്ത് സോൺ ഡെപ്യൂട്ടി ഡയറക്ടർ എസ് രാജേഷ്, ജൂറി മെമ്പർ അജിത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മാങ്ങാട്ട്, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.