ഓട് പുരയല്ല, കുമാരന് ഉറപ്പുള്ള വീട്

പഴയന്നൂരിലെ കെയർഹോം ഭവനസമുച്ചയത്തിൽ
കുമാരൻ്റെ ജീവിതവും ഇനി സുരക്ഷിതം. പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിൽ തൃക്കണായ കോളനിയിൽ നിന്നും കെയർഹോം ഉപഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട കുമാരന് തകർന്ന ഓട് പുരയ്ക്ക് പകരം ഉറപ്പുള്ള കെയർഹോം സ്വന്തം. മലഞ്ചെരിവിനോട് ചേർന്ന് അടിവാരത്തായി തൃക്കണായ കോളനിയിൽ താമസിക്കുന്ന കുമാരൻ്റെ അടച്ചുറപ്പില്ലാത്ത വീടിന് പകരം 432 സ്‌ക്വയര്‍ ഫീറ്റിൽ രണ്ട് കിടപ്പുമുറികള്‍ ഉൾപ്പെടെ ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളോട് കൂടിയതാണ് പുതുതായി ലഭിച്ച കെയർഹോം ഭവനം. 76 വയസ്സുള്ള കുമാരൻ തൊഴിലുറപ്പ് തൊഴിൽ ചെയ്താണ് ജീവിക്കുന്നത്.
35 വർഷത്തിലേറെയായി പട്ടയം പോലും ലഭിക്കാത്ത സ്ഥലത്താണ് കുമാരനും ഭാര്യ കല്ല്യാണി, മകൻ സുമേഷ്, മകൻ്റെ ഭാര്യ സജിനി ഉൾപ്പെട്ട കുടുംബം താമസിച്ചിരുന്നത്.
മകൻ സുമേഷ് ചുമട്ട് തൊഴിലാളിയാണ്. ശ്വാസതടസം അനുഭവപ്പെടുന്നതിനാലും നടക്കാൻ പ്രയാസമുള്ളതിനാലും ഏറെ പ്രയാസപ്പെട്ടാണ് കൃത്യമായി വഴിപോലുമില്ലാത്ത കോളനിയിലെ വീട്ടിലേക്ക് പ്രവേശിക്കുന്നത്. പ്രായാധിക്യം മൂലം കുമാരൻ്റെ ഇടത്തേ കണ്ണിന് കാഴ്ച്ചശക്തിയില്ല. എങ്കിലും കെയർ ഹോമിന്റെ സുരക്ഷിത ഭവനത്തിൽ ജീവിതം കരുപിടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുമാരനും കുടുംബവും.