പ്രളയഭീതി വേണ്ട, ഓമനയ്ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിത ഭവനം
സ്വന്തമായി പട്ടയം പോലും ലഭിക്കാത്ത പുറംപോക്ക് ഭൂമിയിൽ നിന്ന് കെയർ ഹോമിന്റെ സുരക്ഷിത ഭവനത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഓമനയും കുടുംബവും. എളനാട് വാക്ക്യപ്പാടത്ത് വാർഡ് 11ൽ ഏച്ചുകെട്ടിയ ഒരു ഓലപ്പുരയിലാണ് കഴിഞ്ഞ 10 വർഷങ്ങളായി ഓമനയുടെയും മക്കളുടെയും ജീവിതം. ഓമനയുടെ ഭർത്താവ് രാജേഷ് ഏറെ ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം മൂലം മരണപ്പെട്ടു.7,5 ക്ലാസുകളിലായി പഠിക്കുന്ന മക്കൾ ശ്രീരാജും ശ്രീലക്ഷ്മിയും പ്രായമായ അച്ഛൻ, അമ്മ തുടങ്ങിയവർ ഉൾപ്പെട്ടതാണ് കുടുംബം. കൂലിപണി ചെയ്താണ് ഓമന കുടുംബത്തെ പുലർത്തുന്നത്. പ്രളയവും ഉരുൾപ്പൊട്ടലും ഉൾപ്പെടെ ഇവർക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ അനവധിയാണ്. ഭീതിയുടെ ചോരുന്ന കൂരയിൽ നിന്ന്
കെയർഹോമിന്റെ സുരക്ഷിത ഭവനത്തിലേയ്ക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ കുടുംബം. പഴയന്നൂരിലെ കുന്നംപിള്ളിയിൽ യാഥാർത്ഥ്യമായ കെയർഹോം ഭവനസമുച്ചയത്തിലെ നിള ബ്ലോക്കിൽ 17-ാം നമ്പർ വീട്ടിൽ ഇനി പ്രളയത്തെയും ഉരുൾപ്പൊട്ടലിനെയും ഒന്നിനെയും ഭയക്കാതെ ഓമനയ്ക്കും കുടുംബത്തിനും ജീവിക്കാം.