കെയർഹോമിന്റെ സംരക്ഷണത്തിൽ രാമൻകുട്ടിയും

എളനാട് പരുത്തിപ്രയിൽ വാർഡ് 15ൽ പ്ലാക്കൽ വീട്ടിൽ രാമൻകുട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ വീട് സ്വന്തം.ജന്മനാ വികലാംഗനായ രാമൻകുട്ടിക്ക് ഭാരമേറിയ ജോലികൾ ചെയ്യാൻ പ്രയാസമാണ്. 62 വയസുള്ള രാമൻകുട്ടിയ്ക്കൊപ്പം ഭാര്യ സാവിത്രിയുമുണ്ട്. ഏക മകൻ മരണപ്പെട്ടു. മകളെ വിവാഹം കഴിപ്പിച്ചു. ഭാര്യ സാവിത്രി നേരത്തെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നെങ്കിലും ക്ഷീരകൃഷിയാണ് നിലവിലെ ഉപജീവന മാർഗം. ഇതിന് പുറമെ രാമൻകുട്ടിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും സാവിത്രിക്ക് ലഭിക്കുന്ന കർഷക തൊഴിലാളി പെൻഷനുമാണ് ഇവരുടെ ജീവിതം മുന്നോട്ട് നീക്കുന്നത്. കെയർഹോം ഭവന സമുച്ചയത്തിൽ ഒരു ബ്ലോക്കിൽ 4 വീടുകളാണുള്ളത്. രണ്ട് കാലുകൾക്കും സ്വാധീനക്കുറവുള്ളതിനാൽ പ്രത്യേക പരിഗണനയിൽ രാമൻകുട്ടിക്ക് താഴത്തെ നിലയിലാണ് വീട് അനുവദിച്ചിട്ടുള്ളത്. കബനി ബ്ലോക്കിൽ ഒമ്പതാം നമ്പർ വീടാണ് ഇവർക്കായി നൽകിയിട്ടുള്ളത്. മഴചോർച്ച വന്ന് ടാർപ്പായ് വിരിച്ച് താമസിച്ചിരുന്ന എളനാട് വാക്ക്യപ്പാത്തെ വീട്ടിൽ നിന്നും കെയർ ഹോമിന്റെ സുരക്ഷിത ഭവനത്തിലെത്തുമ്പോൾ രാമൻകുട്ടിക്കും കുടുംബത്തിനും സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ല.