കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പ്രകീർത്തിച്ചത് വെറുതെയല്ലെന്ന് അവിടെയെത്തുന്ന എല്ലാവർക്കും വ്യക്തമാകും. അത്രയും മനോഹരമായും കൃത്യതയോടെയുമാണ് സംസ്ഥാനത്തെ ആദ്യത്തെ കെയർ ഹോം ഫ്ളാറ്റ് സമുച്ചയങ്ങൾ പഴയന്നൂരിൽ ഒരുക്കിയിരിക്കുന്നത്. ആറ് മാസം കൊണ്ട് പൂർത്തിയാക്കാനിരുന്ന പദ്ധതി കോവിഡ് പ്രതിസന്ധികളെ തുടർന്ന് അൽപം നീണ്ടു പോയെങ്കിലും 10 മാസം കൊണ്ട് നിര്‍മ്മിതി കേന്ദ്ര കെട്ടിട സമുച്ഛയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കി നൽകി.

പഴയന്നൂർ പഞ്ചായത്തിൻ്റെ 1.06 ഏക്കർ സ്ഥലത്ത് സഹകരണ വകുപ്പും കെയർ ഹോമും പഞ്ചായത്തും കൂടി ഉണ്ടാക്കിയ കരാർ പ്രകാരമായിരുന്നു നിർമ്മാണം. 5 കോടിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായി 4.63 കോടി ചെലവഴിച്ച് പൂർത്തിയാക്കി. ചരിഞ്ഞ ഭൂപ്രകൃതി പരിഗണിച്ചായിരുന്നു ഫ്ലാറ്റുകളുടെ നിർമ്മാണം. ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകളാണ് നിർമ്മിതി കേന്ദ്ര നിർമ്മിച്ച് നൽകിയത്. ഓരോ വീടുകളും ഏകദേശം 432 സ്‌ക്വയര്‍ ഫീറ്റ്. ഇതിൽ രണ്ട് കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്.

കുട്ടികള്‍ക്കായി പൊതു കളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, എല്ലാ വീട്ടിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ പൊതുവായ കിണര്‍, ബോര്‍വെല്‍, വാട്ടര്‍ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്‌ലാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.സംസ്ഥാനത്ത് ഇതുവരെ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ ഹോം ഒന്നാം ഘട്ട പദ്ധതിയിലൂടെ 2000 ത്തിലധികം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 503 വീടുകള്‍ തൃശൂര്‍ ജില്ലയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കുമായാണ് കെയര്‍ ഹോം രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്.

പഴയന്നൂരിലെ ഫ്ലാറ്റുകൾക്ക് അർഹരായവരെ കണ്ടെത്തി നറുക്കെടുപ്പ് നടത്തിയാണ് ഓരോ ഫ്ലാറ്റ് ഉടമസ്ഥരെയും തീരുമാനിച്ചത്. അംഗപരിമിതിയുള്ള 6 പേർക്ക് താഴത്തെ നിലകൾ മാത്രമായി പ്രത്യേകം നറുക്കെടുപ്പ് നടത്തുകയായിരുന്നു.സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ട ലാഭവിഹിതവും ഡയറക്ടര്‍മാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജിവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവെച്ചാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്നത്.

പഴയന്നൂരിലെ 40 വീടുകളില്‍ 5 എണ്ണം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ബാക്കി 35 വീടുകള്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ ആളുകളുടെ ലൈഫ് മിഷന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് കണ്ടെത്തിയവര്‍ക്കുമാണ് നല്‍കിയത്. ഇത്തരം ഫ്ലാറ്റ് സമുച്ചയങ്ങൾ എല്ലാ ജില്ലകളിലും നിർമ്മിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ അറിയിച്ചു.