ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പറഞ്ഞു. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി സഹകരിച്ച് ബാലസുരക്ഷാ സമിതികളുടെ ശാക്തീകരണത്തിനായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മലപ്പുറം കാവുങ്ങല്‍ ബൈപാസിലുള്ള വുഡ്ബൈന്‍ ഫോളിയെജില്‍ നടന്ന ശില്‍പശാലയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ അധ്യക്ഷനായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ സിഡിപിഒ, സൂപ്പര്‍വൈസേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

ബാലസൗഹൃദ കേരളം – സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍, നിയമ പരിരക്ഷയും കുട്ടികളും എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ബാല സംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകനം എന്ന വിഷയത്തില്‍ ജില്ലാ വനിതശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ധീന്‍, ബാല സൗഹൃദ പദ്ധതികളുടെ ആസൂത്രണം എന്ന വിഷയത്തില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. കരീം, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ അഡ്വ. ഹാരിസ് പാഞ്ചിലി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ വി.എം റിംസി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു.