ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കൽ, പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള ആരോഗ്യകരമായ ഭക്ഷണരീതി തിരികെ കൊണ്ടുവരൽ എന്നിവ സംബന്ധിച്ചു സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ‘തനിമ’ എന്ന പേരിൽ 16ന് പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വനമേഖലയിലെ ഗോത്രവർഗ സമൂഹത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്ന പരിപാടികളുടെ ഭാഗമായാണു സെമിനാർ.

16നു രാവിലെ 10നു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി, പട്ടികവർഗ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ഭക്ഷ്യ കമ്മിഷണർ കെ.വി. മോഹൻ കുമാർ സ്വാഗതം ആശ്വസിക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, കൗൺസിലർ ഡോ. കെ.എസ്. റീന തുടങ്ങിയവർ പങ്കെടുക്കും.

മൂന്നു വിഷയങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ സെമിനാറിന്റെ ഭാഗമായി നടക്കും. ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യവ്യവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും എന്ന വിഷയം ഡോ. ടി.ആർ. സുമ അവതരിപ്പിക്കും. വനമേഖലയിലെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗോത്രവർഗ വനിതകളുടെ പങ്ക് എന്ന വിഷയം ഡോ. രതീഷ് നാരായണനും ഗോത്രവർഗ ജനതയുടെ പോഷകാഹാര സുരക്ഷയ്ക്കായുള്ള നിർദേശങ്ങൾ എന്ന വിഷയം ഡോ. സി.എസ്. ചന്ദ്രികയും അവതരിപ്പിക്കും. തനത് കൃഷിയിലൂടെ പോഷകമൂല്യം അട്ടപ്പാടിയിൽ നടപ്പാക്കിയതിന്റെ അനുഭവം പങ്കുവയ്ക്കുന്ന നമത് വെള്ളാമെ എന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. സി. ജയകുമാറാണ് അനുഭവം പങ്കുവയ്ക്കുന്നത്.