ഗ്രാമീണ മേഖലയിലെ ശുചിത്വ മാലിന്യ സംവിധാനങ്ങൾ വിലയിരുത്തുന്നതിന്
പൊതുജനങ്ങൾക്കായി സ്വച്ച് സർവേക്ഷൻ ഗ്രാമീൺ 2021 എന്ന ഓൺലൈൻ സർവ്വേ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കിയോസ്ക് സ്ഥാപിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിയോസ്ക് സ്ഥാപിച്ചത്.മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ കിയോസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക്, വൈസ് പ്രസിഡന്റ്‌ സാബുപോൾ എടാട്ടുകാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ നബീസത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗീത ചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 13 മുതൽ 18 വരെ പൊതുജനങ്ങളെ ഈ ക്യാമ്പയിനിൽ പങ്കാളികളാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ കിയോസ്ക്കിൽ എത്തി പൊതുജനങ്ങൾക്ക് സർവ്വേയുടെ ഭാഗമായുള്ള വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

മാളയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് കിയോസ്ക്കിൽ സർവ്വെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി നിയോഗിച്ചിട്ടുള്ളത്.
സർവ്വേയിൽ www.ssg2021.in എന്ന പോർട്ടൽ മുഖേനയും ssg2021 മൊബൈൽ ആപ്പ് മുഖേനയും ഗ്രാമീണ മേഖലയിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിലയിരുത്താൻ പൊതുജനങ്ങൾക്ക് അവസരം ലഭ്യമാണ്.