പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അബാന്‍ ജങ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയകക്ഷി ഭേദമന്യേ പത്തനംതിട്ടയിലെ ജനങ്ങള്‍ ഒരുമിച്ച് ഒരു പൊതുകൂട്ടായ്മയായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ജില്ലയുടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വികസനം സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ദേശീയ പാതയുടെ നിലവാരംകൂടി നിലനിര്‍ത്തി ദേശീയപാത അധികൃതരുടെകൂടി അനുവാദത്തോടെയാണ് മേല്‍പാല നിര്‍മ്മാണ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
 അടുത്ത അഞ്ചു വര്‍ഷക്കാലം പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുക, പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ 22 കോടി രൂപയുടെ പുതിയ പദ്ധതി, ജില്ലയില്‍ കൂടുതല്‍ ജില്ലാ ഓഫീസുകള്‍ കൊണ്ടുവരിക, ജില്ലയില്‍ എല്ലാവര്‍ക്കും വീടുകളില്‍ കുടിവെള്ളം എത്തിക്കുക എന്നീ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ശുദ്ധവായു, ശുദ്ധവെള്ളം എന്നിവ ലഭ്യമാകുന്ന ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. അതിനാല്‍തന്നെ പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.