തിരുവനന്തപുരം : സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ ഒന്നാംഘട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ആലോചനാ യോഗങ്ങള്‍ ചേരും. ഓരോ അയല്‍ക്കൂട്ട പ്രദേശത്തും നടപ്പിലാക്കേണ്ട സ്ത്രീപക്ഷ കര്‍മ്മപദ്ധതി തയ്യാറാക്കും. അയല്‍ക്കൂട്ട പ്രദേശത്തെ ഓരോ വീടിനെയും കുടുംബത്തേയും പഠനവിധേയമാക്കിയാണ് കര്‍മ്മപദ്ധതി തയ്യാറാക്കുക.

അതിന് ശേഷം സംസ്ഥാനത്തെ ഇരുപത്തിരണ്ടായിരത്തിലേറെ വാര്‍ഡുകളില്‍ സ്ത്രീപക്ഷ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഓരോ വാര്‍ഡിലേയും അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കിയ സ്ത്രീപക്ഷ കര്‍മ്മപദ്ധതിയുടെ അവതരണവും ചര്‍ച്ചയും ക്രോഡീകരണവും വാര്‍ഡ് തലത്തില്‍ നടക്കും. വാര്‍ഡ് തല സ്ത്രീപക്ഷ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് സ്ത്രീപക്ഷ കൂട്ടായ്മകള്‍ സമാപിക്കുക. മൂന്നാമത് തലത്തില്‍ പഞ്ചായത്ത്, നഗരസഭകളില്‍ സ്ത്രീശക്തി സംഗമങ്ങള്‍ സംഘടിപ്പിക്കും. സി ഡി എസ് ഭരണസമിതി, തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി, വിവിധ മേഖലകളിലെ വിദഗ്ധര്‍, പ്രദേശത്തെ സെലിബ്രിറ്റികള്‍, ആദരണീയരായ വ്യക്തികള്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് സ്ത്രീശക്തി സംഗമങ്ങള്‍ നടക്കുക.

തദ്ദേശ ഭരണ സ്ഥാപന തലത്തിലുള്ള സംഗമത്തില്‍ ഓരോ വാര്‍ഡിന്റെയും സ്ത്രീപക്ഷ കര്‍മ്മപദ്ധതി അവതരണവും ചര്‍ച്ചയും നടക്കും. വാര്‍ഡുതല കര്‍മ്മപദ്ധതികള്‍ ക്രോഡീകരിച്ച് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സ്ത്രീപക്ഷ കര്‍മ്മപദ്ധതി തയ്യാറാക്കും. കര്‍മ്മപദ്ധതിയുടെ ഒരു പകര്‍പ്പ് ജില്ലാ മിഷനുകള്‍ക്ക് കൈമാറും. സ്ത്രീശക്തീ സംഗമത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെയും വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിക്കുകയും സ്ത്രീപക്ഷ നവകേരള വിളംബരം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരള സംഗമത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കര്‍മ്മപദ്ധതികള്‍ സമഗ്രമായി പരിശോധിച്ച് ക്രോഡീകരിക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കാളികളാവുന്ന സെമിനാറില്‍ ജില്ലയുടെ കരട് സ്ത്രീപക്ഷ കര്‍മ്മപദ്ധതി അവതരിപ്പിക്കും. ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അന്തിമ കര്‍മ്മപദ്ധതി തയ്യാറാക്കും.

ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ നവകേരള വിളംബരം ശിലയില്‍ കൊത്തി വയ്ക്കും. മാര്‍ച്ച് 8ന് അന്താരാഷ്ട്ര സ്ത്രീപക്ഷ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന സ്ത്രീപക്ഷ കര്‍മ്മ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള സ്ത്രീപക്ഷ സാമൂഹ്യസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ തുടര്‍നാളുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.