ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ സത്വര നടപടികൾസ്വീകരിക്കുമെന്നും മേഖലയിൽ ആവശ്യമായ നടപടികൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയർമാൻ ഒ.ആർ കേളു പറഞ്ഞു. അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ നിയമസഭാ സമിതി ഊരുകൾ സന്ദർശിച്ച ശേഷം കിലയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ.

ഊരുകളിൽ റേഷൻ, ഭക്ഷ്യ കിറ്റുകൾ ,പെൻഷൻ,വിവിധ വകുപ്പുകളുടെ സഹായ പദ്ധതികൾ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സന്ദർശനത്തിൽ ബോധ്യപ്പെട്ടതായി സമിതി അംഗങ്ങൾ അറിയിച്ചു. അട്ടപ്പാടിയിലെ ഊര് നിവാസികൾ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംവദിച്ച് സമിതി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ സമിതി ഗൗരവമുള്ളതായി കാണുന്നതായും അവലോകന യോഗത്തിൽ പറഞ്ഞു. ശിശുമരണം, ഗർഭിണികളിൽ കാണുന്ന അസുഖങ്ങൾ എന്നിവ സംബന്ധിച്ച് പ്രത്യേകം പരിശോധിക്കുമെന്നും യോഗത്തിൽ സമിതി അംഗങ്ങൾ പറഞ്ഞു.

അട്ടപ്പാടിയിൽ വ്യാജമദ്യം ധാരാളമായി എത്തുന്നതായി ജനപ്രതിനിധികളും എക്സൈസും സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പഠന റിപ്പോർട്ട് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വ്യാജ – വിഷ മദ്യത്തിന്റെ ഉപയോഗത്താൽ 18 നും 50 നും ഇടയിൽ പ്രായമുള്ളവരിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നത് പ്രധാന സാമൂഹിക പ്രശ്നമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. അട്ടപ്പാടിയിൽ 30 – 50 ഇടയിൽ പ്രായമായവർക്കിടയിൽ മരണ നിരക്ക് സംബന്ധിച്ച് പ്രത്യേകം പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കണക്ക് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുമെന്നും അംഗങ്ങൾ വ്യക്തമാക്കി. ഇവ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും സമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

കിലാ ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ സമിതി അംഗങ്ങളും എം.എൽ.എമാരുമായ കടകംപള്ളി സുരേന്ദ്രൻ, എ.പി അനിൽകുമാർ, പി.പി.സുമോദ്, എ.രാജ, വി.ആർ സുനിൽകുമാർ പട്ടികജാതി – പട്ടികവർഗ്ഗ നിയമസഭാ വെൽഫെയർ കമ്മിറ്റി ജോയിൻ സെക്രട്ടറി ഷാജി സി. ബേബി, ജില്ലാ കലക്ടർ മൃൺമയി ജോഷി, ഷോളയൂർ – പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാമമൂർത്തി, ജ്യോതി അനിൽകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.