ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായി തൃശൂരും തൃശൂര്‍ കോര്‍പറേഷനും മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശതാബ്ദി കവാടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരുന്ന ഏതാനും വര്‍ഷം കൊണ്ട് യുനെസ്‌കോ പട്ടികയിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായി തൃശൂര്‍ മാറുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഓഖി മുതല്‍ കോവിഡ് വരെയുള്ള പ്രതിസന്ധികാലത്ത് ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി ഫലപ്രദമായി മുന്നോട്ടുനയിച്ചത് ലോകം അത്ഭുതത്തോടെയാണ് കണ്ടത്.
കെ റെയിലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നാട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ലോകത്തിനൊപ്പം നടന്നുനീങ്ങാനും കേരളത്തെ പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നാടിന്റെ വികസന കാര്യത്തിലും ജനങ്ങളുടെ ക്ഷേമകാര്യത്തിലും യോജിച്ച് മുന്നോട്ടുപോകണമെന്ന് മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

നെടുപുഴ ഓവര്‍ ബ്രിഡ്ജ് കോര്‍പറേഷന്‍ ശതാബ്ദി കാലത്തുതന്നെ നിര്‍മാണം തുടങ്ങി അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഇത്തരം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും നൂറു ദിവസം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നവീകരിച്ച മേയറുടെ ചേംബര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തതായി അറിയിച്ചു.

2022ല്‍ തൃശൂര്‍ കോര്‍പറേഷനെ പട്ടിണി രഹിത കോര്‍പറേഷനാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു. കോര്‍പറേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ
പി ബാലചന്ദ്രന്‍ വിശിഷ്ടാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനാ പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ സ്വാഗതവും സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ നന്ദിയും അറിയിച്ചു. കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എൻജിനീയര്‍ ഷൈബി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.