കൊച്ചി: വാട്ട്‌സ്‌ അപ്പും ഫേസ്ബുക്കും വഴി ലോകത്തോടു മുഴുവന്‍ ആശയവിനിമയം നടത്തുമ്പോഴും സ്വന്തം കുടുംബത്തിലുള്ള കുട്ടികളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ലാതെ വരുന്ന സാഹചര്യങ്ങളിലാണ് കുട്ടികള്‍ ലഹരിക്ക് അടിമയാകുന്നതെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍.
മാരക ലഹരിവിപത്തില്‍ നിന്നും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് എക്സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 ന് സംഘടിപ്പിക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ 2018 ഹാഫ് മാരത്തണുമായി ബന്ധപ്പെട്ട ആലോചനാ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിയുടെ ശൃംഖല ശക്തമായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കാന്‍ പോലീസും എക്‌സൈസും മാത്രമല്ല ജനങ്ങളുടെ പങ്കാളിത്തവും വേണം. ലഹരിക്കെതിരേ സമൂഹം സംഘടിക്കണം. കുട്ടികളുടെ ദിനചര്യം, അവരുടെ ബന്ധങ്ങള്‍, ഭക്ഷണം, ജീവിതശൈലി ഇവയെല്ലാം ശ്രദ്ധിക്കണം. അവരോട് സംസാരിക്കണം. കുടുംബത്തില്‍ ആശയവിനിമയം ശക്തമാക്കി നിലനിര്‍ത്തണം. കുട്ടികള്‍ക്ക് ലഹരിയിലേക്ക് വീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഓരോ ഗൃഹനാഥനും ഗൃഹനാഥയും പ്രശ്‌നത്തില്‍ ഇടപെടണമെന്നും മേയര്‍ പറഞ്ഞു. മാരത്തണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും സഹകരണവും നല്‍കുമെന്ന് മേയര്‍ ഉറപ്പുനല്‍കി.

 

ഹരിത മാര്‍ഗരേഖ പാലിച്ച് മാരത്തണ്‍ സംഘടിപ്പിക്കണം:  എം.എല്‍.എ

കൊച്ചി: എക്സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണും ഫണ്‍ റണ്ണും ഹരിതമാര്‍ഗരേഖ പ്രകാരം സംഘടിപ്പിക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. മാരത്തണുകള്‍ സംഘടിപ്പിക്കുമ്പോള്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ വലിയ പ്രശ്‌നമാകാറുണ്ട്. ഇത് ഒഴിവാക്കണം. അത് വിമുക്തിയുടെ മാരത്തണിന് കൂടുതല്‍ ശോഭ പകരുമെന്നും എം.എല്‍.എ പറഞ്ഞു. മാരത്തണിനേക്കാള്‍ പ്രധാനം അതു മുന്നോട്ട് വെക്കുന്ന ആശയമാണ്. കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പ് ജീവനക്കാര്‍ യോഗത്തില്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാരായ ജലജ മണി, വി.പി. ചന്ദ്രന്‍, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍, അസിസ്റ്റന്‍ര് എക്‌സൈസ് കമ്മീഷണര്‍ ടി.എ. അശോക് കുമാര്‍, പോലീസ് സ്ൂപ്രണ്ട് ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

പങ്കെടുക്കുന്നവര്‍ക്കെല്ലാം ടീഷര്‍ട്ടും ക്യാപ്പും, പ്രതീക്ഷിക്കുന്നത് പതിനായിരം പേരുടെ പങ്കാളിത്തം

കൊച്ചി: ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണില്‍ പതിനായിരം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍.
21 കിലോമീറ്റര്‍ ദൂരത്തിലുള്ള ഹാഫ് മാരത്തണ്‍, ഹ്രസ്വ ദൂര ഫണ്‍ റണ്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 12 രാവിലെ ആഗസ്റ്റ് 12ന് രാവിലെ 5.30ന് മഹാരാജാസ് കോളേജില്‍ നിന്നാരംഭിച്ച് വില്ലിംഗ്ടണ്‍ ഐലന്‍ഡിലേക്കും തിരിച്ച് മഹാരാജാസ് കോളേജിലേക്കുമാണ് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പ്രൊഷണല്‍ അത്‌ലറ്റുകളായിരിക്കും ഇതില്‍ പങ്കെടുക്കുക. ഹാഫ് മാരത്തണില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പുരുഷനും സ്ത്രീക്കും 50000 രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30000, 20000 എന്നിങ്ങനെയാണ് സമ്മാന തുക. 35 മുതല്‍ 50 വയസ്സ് പ്രായപരിധി വിഭാഗത്തിലും 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിനും സമ്മാനതുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെയാണ്. എല്ലാ മത്സരവിഭാഗത്തിലും പുരുഷ സ്ത്രീ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായുള്ള ഹ്രസ്വദൂര ഓട്ടവും സംഘടിപ്പിക്കും. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാരത്തണിനോട് അനുബന്ധിച്ച് അന്നേ ദിവസം രാവിലെ 6.30ന് മഹാരാജാസ് കോളേജ് മുതല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വരെയാണ് ഫണ്‍ റണ്‍. പ്രമുഖ കായികതാരങ്ങളും പ്രശസ്ത വ്യക്തികളും ഫണ്‍ റണ്ണില്‍ അണിനിരക്കും. കൂടാതെ ബിപിസിഎല്‍, എല്‍ഐസി, മെഡിക്കല്‍ ട്രസ്റ്റ്, ആസ്റ്റര്‍ മെഡ്്‌സിറ്റി, കാനറ ബാങ്ക്, ലുലു മാള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ടീമുകളും ഫണ്‍ റണ്ണില്‍ അണിനിരക്കും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കും. www.vimukthimarathon.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ സൗജന്യ രജിസ്ട്രേഷന്‍ നടത്തി ആര്‍ക്കും ഫണ്‍ റണ്ണില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496081303, 9447126720, 9447458621 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. മാരത്തണില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാരത്തോണിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി വിവിധ കലാകായിക സാംസ്‌കാരിക പരിപാടികളും നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

വൈദ്യസഹായം സജ്ജമാക്കും

അടിയന്തര ഘട്ടങ്ങളില്‍ എല്ലാ വൈദ്യസഹായവുമെത്തിക്കുന്നതിന് സര്‍വസജ്ജമായ മെഡിക്കല്‍ ക്രമീകരണങ്ങളും മാരത്തണ്‍ നടക്കുന്ന ഗ്രൗണ്ടിലും സമീപത്തും ഏര്‍പ്പെടുത്തും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടമാര്‍മാരുടെ സംഘമാണ് മെഡിക്കല്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മാരത്തണ്‍ ആരംഭിക്കുന്ന മഹാരാജാസ് കോളേജില്‍ ബേസ് ക്യാംപ് സജ്ജീകരിക്കും. മിനി ഐസിയു തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടാകും. അത്യാവശ്യ മരുന്നുകള്‍, കിടക്കകള്‍, സ്‌ട്രെച്ചിംഗ് മാട്രസുകള്‍ എന്നിവ ഇവിടെ സജ്ജീകരിക്കും. കൂടാതെ ഷിപ്പ് യാര്‍ഡിനു മുന്‍വശം, നേവല്‍ ബേസിനു മുന്‍വശം, ഹാര്‍ബര്‍ ടെര്‍മിനല്‍ എന്നിവിടങ്ങളിലായി മൂന്ന് ക്യാംപുകളും തയാറാക്കും. കൂടാതെ മാരത്തണ്‍ നടക്കുന്ന സമയത്ത് എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സും രണ്ട് ബൈക്ക് ആംബുലന്‍സുകളും റോഡിലുണ്ടാകും. അന്നേ ദിവസം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയു, എമര്‍ജന്‍സി വിഭാഗങ്ങളില്‍ കുറച്ച് ബെഡുകള്‍ ഒഴിച്ചിടും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ബേസ് ക്യാംപ് രാവിലെ 4.30 നാരംഭിക്കും. മാരത്തണ്‍ അവസാനിക്കുന്ന സ്ഥലത്തും ആംബുലന്‍സ് ക്രമീകരിക്കും.