പിറവം : നഗരസഭാ പരിധിയിലെ എല്ലാ ഭവനരഹിതര്‍ക്കും ഭവനം ലഭ്യമാക്കുവാനുള്ള ഉദ്യമത്തിലാണ് പിറവം മുന്‍സിപ്പാലിറ്റ്ിയെന്ന് ചെയര്‍മാന്‍ സാബു കെ. ജേക്കബ് പറഞ്ഞു. കെപ്‌കോയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നഗരപ്രിയ മുട്ടക്കോഴിവിതരണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പിറവം മുന്‍സിപ്പാലിറ്റിയില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ അന്നമ്മ ഡോമിനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ 186 കുടുംബങ്ങള്‍ക്കാണ് മുട്ടക്കോഴികള്‍ വിതരണം ചെയ്തത്്. 1700 രൂപ വിപണിയില്‍ വിലവരുന്ന കോഴിക്കൂടും 450 രൂപ വില വരുന്ന ഉന്നത നിലവാരമുള്ള മുട്ടക്കോഴികളും അഞ്ച് കിലോ തീറ്റയുമാണ് 850 രൂപ ചെലവില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭ്യമാക്കിയത്. പരിമിതമായ സ്ഥലത്ത് മുട്ട ഉല്‍പാദനം സാധ്യമാക്കുന്ന വിധത്തിലാണ് നഗരപ്രിയാ പദ്ധതിയില്‍ കൂടുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
മഴക്കെടുതിയില്‍ കാര്‍ഷിക രംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കര്‍ഷക പ്രതിനിധികളെ കൗണ്‍സില്‍ യോഗത്തിലേക്ക്് ക്ഷണിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. വീടുകളില്‍ ഔഷധഗുണമുള്ള കരിങ്കോഴികളെ എത്തിക്കുന്ന പദ്ധതി ഉടന്‍ ആവി്ഷ്‌കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ പരിധിയിലെ വിധവകള്‍ക്ക് സൗജന്യ മുട്ടക്കോഴിവിതരണം സാധ്യമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോഴികളുടെ പരിചരണത്തെക്കുറിച്ച് കെപ്‌കോ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ചടങ്ങില്‍ മുന്‍സിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മെബിന്‍ ബേബി, മുന്‍സിപ്പാലിറ്റി അംഗങ്ങളായ ഐഷാ മാധവന്‍, ഷിജി സുകുമാരന്‍, തമ്പി, സോജന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.