മലപ്പുറം: അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ കാവലാള്‍’ എന്ന പേരില്‍ (ജനുവരി ഒന്ന്) വൈകീട്ട് നാലിന് അരീക്കോട് ടൗണില്‍ ലഹരി ഉപയോഗത്തിനും വില്‍പ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതില്‍ തീര്‍ക്കുന്നു. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പടെ പ്രദേശത്തെ മുഴുവന്‍ ആളുകളും മനുഷ്യമതിലില്‍ അണിചേരും. പ്രദേശത്തെ ക്ലബുകള്‍, സാംസ്‌കാരിക സമിതികള്‍, ജാഗ്രതാ സമിതികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതില്‍.

പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജ് ആംഫീ തിയേറ്ററില്‍ മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്യും. ആഘോഷങ്ങളുടെ പേരില്‍ റിസോര്‍ട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡി.ജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങള്‍ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പ്രവണകള്‍ക്കെതിരെ വിദ്യാര്‍ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയും അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ചെയര്‍മാനുമായും കാഞ്ഞിരാല അബ്ദുല്‍കരീം കണ്‍വീനറായും ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. സമാപന സംഗമത്തില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് പ്രൊഫ.എന്‍.വി അബ്ദുറഹ്‌മാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, എന്‍.എസ്.എസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബു റഹ്‌മാന്‍, എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ബത്തേരി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മുഹ്‌സിന്‍ ചോലയില്‍, മീഡിയോ ചെയര്‍മാന്‍ ഡോ.ലബീദ് നാലകത്ത്, മീഡിയാ കണ്‍വീനര്‍ നവാസ് ചീമാടന്‍, പ്രോഗ്രാം കണ്‍വീനര്‍ എം.പി റഹ്‌മത്തുള്ള, പി.ടി.എ പ്രസിഡന്റ് പി.സി സെബീബ് എന്നിവര്‍ പങ്കെടുക്കും.

ജില്ലയില്‍ ലഹരി ഉപയോഗവും വിപണനവും വ്യാപകമായ സാഹചര്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ ക്യാമ്പയിനിനും ഇന്ന് തുടക്കമാകും. 2022 ഡിസംബര്‍ 31 വരെ സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, ട്രെയിനര്‍മാര്‍, കലാകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍, നെഹ്‌റുയുവ കേന്ദ്ര വളന്റിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വീഡിയോ പ്രദര്‍ശനം, ലഘുലേഖ വിതരണം, തെരുവു നാടകം, സെമിനാറുകള്‍, ക്വിസ് മത്സരം, ഫ്‌ളാഷ് മോബ് എന്നിവ നടത്തും. ബോധവത്ക്കരണത്തിനായി രണ്ടായിരം റിസോഴ്‌സ് പേഴ്‌സണ്‍സ്മാരെ തയ്യാറാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 2,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണവും നടത്തും.