മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെയും ജില്ലാ കേരളോത്സവ വിജയികളുടേയും മഹിളാ പ്രധാന്‍ ഏജന്റുമാരുടേയും സാക്ഷരതപഠിതാക്കളുടെയും കലാവിരുന്ന് അരങ്ങേറി. പ്രശസ്ത ഗായകനും ഫോക് ലോര്‍ അക്കാദമി അംഗവും ചാനല്‍ ജൂറിയുമായ ഫിറോസ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ.മുസ്തഫ അധ്യക്ഷനായി. വജ്ര ജൂബിലി കലാകാരന്മാരുടെ ചിത്രകലയും ഏറെ പേരുടെ ശ്രദ്ധ പിടിച്ചു പറ്റി. 20 വയസിന് താഴെയുള്ള കുട്ടികള്‍ വരച്ച വിവിധ കലാരൂപങ്ങള്‍ കാണാന്‍ അനേകം പേര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് എത്തി. കലാമണ്ഡലം അശ്വതി (മോഹിനിയാട്ടം), പി.അനിരുദ്ധ് (ചുമര്‍ചിത്രകല), എം.ടി ഷിജില്‍ (സംഗീതം – വായ്പ്പാട്ട്) വി. കെ ഉസ്മാന്‍ (നാടകം), വിനീഷ് കോട്ടക്കല്‍ (കഥകളി സംഗീതം) എന്നിവരുടെ ശിഷ്യഗണങ്ങള്‍ പങ്കെടുത്ത പരിപാടി കാണികളുടെ മനം കവര്‍ന്നു. ജില്ലാ കേരളോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി എസ്.എസ്. അവതരിപ്പിച്ച ഭരതനാട്യം, കണ്‍വീനര്‍ ജ്യോതിയുടെ നേതൃത്വത്തില്‍ മഹിള പ്രധാന്‍ ഏജന്റുമാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, വെട്ടത്തൂര്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ മോഹിനിയാട്ടം കലാകാരികള്‍ അവതരിപ്പിച്ച നൃത്തശില്പം, സാക്ഷരത തുല്യതാ പഠിതാക്കള്‍ അവതരിപ്പിച്ച മാപ്പിളപ്പാട്ട് എന്നിവ ഏറെ ഹൃദ്യമായി.

ബി.ഡി.ഒ ഇന്‍ ചാര്‍ജ് കെ.എം.സുജാത, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ അഡ്വ.നജ്മ തബ്ഷീറ, അംഗങ്ങളായ കെ.കെ മുഹമ്മദ് നയിം, പ്രബീന ഹബീബ്, ഉമ്മുസല്‍മ, റജീന, ഗിരിജ, ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.