പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി തെങ്ങു കയറ്റ പരിശീലനത്തില്‍ വിജയികളായ ബയോ ആര്‍മി അംഗങ്ങളുടെ സംഗമം നടത്തി. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.

തെങ്ങ് കയറ്റത്തില്‍ പരിശീലനം നേടിയ 10 സ്ത്രീകളുടെയും മറ്റ് മേഖലകളില്‍ പരിശീലനം നേടികൊണ്ടിരിക്കുന്നവരുടെയും സംഗമമാണ് എടായ്ക്കല്‍ എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചത്. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ടി. നൗഷാദലി അധ്യക്ഷനായി. നെല്‍കൃഷി പുനരുദ്ധാരണത്തിന് തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) യുടെ പദ്ധതിയാണ് ബയോ ആര്‍മി.

കൃഷി അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് പരിശീലനം ലഭിച്ചവരെ എത്തിക്കുന്നതാണ് പദ്ധതി. സ്ത്രീകള്‍ക്കായി മാത്രം വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി അനുസരിച്ച് ബ്ലോക്ക് തലത്തില്‍ പ്രത്യേക പരിശീലന പരിപാടികള്‍ നടത്തിവരുന്നുണ്ട്. ജൈവവള പരിശീലനം, ഡ്രിപ്പ് ഇറിഗേഷന്‍, തെങ്ങ് കയറ്റ പരിശീലനം, ട്രാക്ടര്‍ പരിശീലനം, മഴപ്പൊലിമ, മാറ്റിങ് നേഴ്സറി, ട്രേ നഴ്‌സറി, യന്ത്രവല്‍കൃത നടീല്‍ പരിശീലനം എന്നീ മേഖലകളിലാണ് പ്രത്യേക പരിശീലനം നല്‍കി വരുന്നത്. പരിപാടിയില്‍ ബയോ ആര്‍മി ജില്ലാ കോര്‍ഡിനേറ്റര്‍ രജനി, ജോയിന്റ് ബി.ഡി.ഒ സുജാത, പഞ്ചായത്തംഗം സരോജ ദേവി എന്നിവര്‍ പങ്കെടുത്തു.