കണ്ടന്തറ ജി.യു.പി സ്‌കൂളും ഇനി മികവിന്റെ പട്ടികയിലേക്ക്. പ്രീസ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ 327 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയ്യാറാക്കിയിക്കുന്നത്.ഒരു കോടി രൂപ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിലാണ് പുതിയ സ്‌കൂള്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. സ്മാര്‍ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കുന്നതിനാവശ്യമായ സൗകര്യങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.

അധ്യാപക രക്ഷകര്‍തൃ സംഘടനയുടെ പിന്തുണയോടു കൂടി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ കാഴ്ചവയ്ക്കുന്നത്. കലാകായിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കു പ്രത്യേക ഭാഷാ പരിശീലനവും നല്‍കിവരുന്നുണ്ട്. കുട്ടികളിലെ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ നടന്നു വരുന്നതായി ഹെഡ്മിസ്ട്രസ് ആശ മാത്യു പറഞ്ഞു.