നവകേരളം കർമ പദ്ധതിയിലെ ‘വിദ്യാകിരണം’ മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തിൽ നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കിഫ്ബിയിൽ നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിർമിച്ച നാലു കെട്ടിടങ്ങൾ, മൂന്നു കോടി വീതം ചെലവഴിച്ചു നിർമിച്ച 10 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി നിർമിച്ച 37 കെട്ടിടങ്ങൾ എന്നിവയടക്കം 90 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി ഇന്നലെ (ഫെബ്രുവരി 10) ഉദ്ഘാടനം ചെയതത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി 9,34,000 വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്കെത്തിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല, വിദ്യാർഥികൾക്കു ലഭ്യമാകേണ്ട മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജമാക്കണം. വിജ്ഞാന സമൂഹമെന്ന കാഴ്ച്ചപ്പാടോടെയുള്ള മുന്നേറ്റത്തിനു അത് പ്രധാനമാണ്. 100 ദിന പരിപാടിയിൽപ്പെടുത്തി കെ-ഫോണിലൂടെ 140 നിയമസഭാ മണ്ഡലങ്ങളിലായി 100 കുടുംബങ്ങൾക്കു വീതം ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാട് ആധുനിക ലോകത്തിനനുസൃതമായി മാറുന്നതിന്റെ സൂചകമാണിത്. സംസ്ഥാനത്തെ 30,000 സർക്കാർ ഓഫിസുകൾക്കും കെ-ഫോണിന്റെ ഭാഗമായുള്ള കണക്ഷൻ നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തിന് ഊന്നൽ നൽകിയ മാതൃകയിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയേയും ശാക്തീകരിക്കും. അതിനുള്ള നടപടികൾ വൈകാതെയുണ്ടാകും.
സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 100 ദിന കർമ പരിപാടിയിൽ ലൈഫ് മിഷനിൽപ്പെടുത്തി 20,000 കുടുംബങ്ങൾക്ക് 20,000 വീടുകൾ നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വാതിൽപ്പടി സേവനം എല്ലായിടത്തേക്കും വ്യാപിപ്പിക്കും. 15,000 പേർക്കു പട്ടയം നൽകാനാണു തീരുമാനിച്ചിരിക്കുന്നതെങ്കിലും അതിലുമേറെ പട്ടയം നൽകാൻ കഴിയും. സുഭിക്ഷ ഹോട്ടലുകൾ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 150 വെൽനസ് സെന്ററുകൾ, 150 വിദ്യാർഥികൾക്ക് നവകേരള ഫെലോഷിപ്പ്, 1500 ഗ്രാമീണ റോഡുകൾ, മാങ്കുളം ജലവൈദ്യുതി പദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് തുടങ്ങി ഒട്ടേറെ പദ്ധതികൾ 100 ദിന പരിപാടിയുടെ ഭാഗമാണ്. കേരളത്തിന്റെ മുഖഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണു സർക്കാരിന്റെ ശ്രമം. അതിന് ഉതകുന്ന നടപടികളാണ് 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുക.
നൂറു ദിന പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23 ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്നവയാണ് ഇത്. 100 ദിന പരിപാടിയിൽ 1557 പദ്ധതികളുണ്ടാകും. 17,183 കോടി രൂപയാണ് ഇതിൽ മുതൽമുടക്കുന്നത്. ഇത്ര ഭീമമായ തുകയ്ക്കുള്ള പരിപാടികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രാവർത്തികമാകാൻ പോകുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ചല്ല, സമൂഹത്തിന്റെയും നാടിന്റെയും എല്ലാ ഭാഗങ്ങളേയും സമഗ്രമായി സ്പർശിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
നാടിന്റെ വികസനം ഉറപ്പാക്കുക എന്നതാണ് ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരിന്റെ പ്രധാന കടമ. വികസനം ഏതെങ്കിലും വിഭാഗത്തിന് ആസ്വദിക്കാനുള്ളതല്ല, നാടിനാകെ ആസ്വദിക്കാനുള്ളതാണ്. ഇപ്പോഴത്തെ വികസന പദ്ധതികൾ ഇന്നു നാം കാണുന്ന മുതിർന്നവർക്കുള്ളതല്ല, ഇന്നു പഠിക്കുന്നവരും നാളെ പഠിക്കേണ്ടവരും അങ്ങനെ നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടിയുള്ളതാണ്. ഇവ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ കുറ്റമായി മാറും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്നു ജനങ്ങൾ കുറ്റപ്പെടുത്തും. ചെറുതും വലുതുമായ പദ്ധതികൾ നാടിന്റെ വികസനത്തിനാണെന്ന മനോഭാവത്തോടെയാകണം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൗതിക നിലവാരത്തിനൊപ്പം അക്കാദമിക് നിലവാരവും വർധിപ്പിക്കാനുള്ള ഊർജിത നടപടികൾ അടുത്ത അധ്യയന വർഷം മുതലുണ്ടാകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി സജ്ജമാക്കും. കോവിഡ് സാഹചര്യത്തിൽനിന്ന് സാധാരണ അന്തരീക്ഷത്തിലേക്കു വിദ്യാലയങ്ങൾ തിരികെയെത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ജാഗ്രതയോടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുകയാണ്. പാഠഭാഗങ്ങൾ കൃത്യമായി പഠിപ്പിച്ചു തീർക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നു. പരീക്ഷകൾ കൃത്യസമയത്തു നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, ജി. സ്റ്റീഫൻ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.