ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു.

1917 ല്‍ എല്‍പി സ്‌കൂളായാണ് പന്ന്യാലി ഗവ.യുപി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.  ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ.സി രവീന്ദ്രനാഥ്, എംഎല്‍എ ആയിരുന്ന വീണ ജോര്‍ജ് എന്നിവര്‍ പ്രധാനകെട്ടിടത്തിന്റെ അപര്യാപ്തത മനസിലാക്കിയതോടെയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തിനുള്ള അനുമതി നല്‍കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ് രാജേഷിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ഓമല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.