പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗോത്രവര്‍ഗമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. സമഗ്ര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയ്ക്കകത്തും പുറത്തുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍ ഏകീകരിച്ച് സമാനരീതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തി.

ഗോത്രവര്‍ഗ വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം കൈവരിക്കാന്‍ 14-ാം പഞ്ചവത്സര പദ്ധതിയില്‍ മികച്ച പദ്ധതികള്‍ ഏറ്റെടുത്ത് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. പദ്ധതികള്‍ ആവിഷ്‌ക്കരിക്കും മുമ്പ് ഗോത്രവര്‍ഗമേഖലയില്‍ ഊരുകൂട്ടം രണ്ടു തവണ കൂടണമെന്നും പട്ടികവര്‍ഗവിഭാഗക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശിച്ചു.

ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും മികച്ച പദ്ധതികള്‍ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ തേടണം. വയനാട്, ഇടുക്കി ജില്ലകളിലെ ഗോത്രവര്‍ഗ മേഖലയില്‍ നടപ്പാക്കിയ മാതൃക പദ്ധതികള്‍ പ്രത്യേകമായി പരിഗണിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, വനിത ശിശുവികസനം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ മാതൃക പദ്ധതികളെക്കുറിച്ച് പഠിക്കണം. ഗോത്രസാരഥി പദ്ധതി സജീവമാക്കണമെന്നും ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ അവരെ കാര്‍ഷിക മേഖലയിലും കായികരംഗത്തും സജീവമാക്കുന്നത് വഴി സാധിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ പഞ്ചായത്ത് തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും ജില്ലാകലക്ടര്‍ അഭിപ്രായപ്പെട്ടു. ആദിവാസി ഊരുകളില്‍ നവജാത ശിശുക്കളുടെയും അമ്മമാരുടെയും മരണം ഇല്ലാതാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ഏഴു മാസമാകുന്നത് മുതല്‍ പ്രസവം വരെയുള്ള കാലയളവില്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ താമസിപ്പിച്ച് ചികിത്സ നല്‍കണമെന്നും മൂന്ന് ആഴ്ച കഴിഞ്ഞ് മാത്രമേ കോളനിയിലേക്ക് തിരിച്ചുവിടാവൂ എന്നും സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍ദേശിച്ചു. നിലമ്പൂര്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാനോ പഠന സഹായം നല്‍കാനോ ആളില്ലാത്തതിനാല്‍ കോളനികളില്‍ പൊതുട്യൂഷന്‍ സെന്റര്‍ തുടങ്ങുന്നത് നല്ലതാകുമെന്നും ആദിവാസി കോളനികളില്‍ മത്സര പരീക്ഷ പരീശീലന കേന്ദ്രം തുടങ്ങാവുന്നതാണെന്നും സബ്കലക്ടര്‍ പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നതിനാലുള്ള കാന്‍സര്‍ സാധ്യത കണക്കിലെടുത്ത് ഗോത്ര കോളനികളില്‍ ഓറല്‍ കാന്‍സര്‍ ക്യാമ്പ് നടത്തണമെന്നും ശൈശവ വിവാഹം, ആര്‍ത്തവ ശുചിത്വമില്ലായ്മ, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, വയോധികരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും സബ്കലക്ടര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷവും സിക്കിള്‍ സെല്‍ സ്‌ക്രീനിങ് നടത്തുമെന്നും ഗോത്രവര്‍ഗക്കാരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപടികള്‍ തുടരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക വ്യക്തമാക്കി. ഗോത്രവിഭാഗക്കാരുടെ പ്രസവചികിത്സക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നേരത്തെ വകയിരുത്തിയിട്ടുണ്ട്. ഈ സംവിധാനം വരുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ജില്ലാ ആസൂത്രണ സമിതിയംഗം എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വാസയോഗ്യമായ വീട്, സഞ്ചാരയോഗ്യമായ സംവിധാനങ്ങള്‍ ഇല്ലാത്ത ഉള്‍ക്കാടുകളിലെ കോളനികളിലേക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീറ്റ് റോഡുകള്‍, മഴവെള്ളം സംഭരിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍, മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കല്‍, ഗോത്രവര്‍ഗ മേഖലയില്‍ ജില്ലാതല കായിക പരിശീലന കേന്ദ്രം എന്നിവ പ്രധാന പരിഗണന വിഷയങ്ങളാണെന്ന് കില ഫാല്‍ക്കല്‍റ്റി പറഞ്ഞു.

പുഞ്ചക്കൊല്ലി, ചോലാറ, നെടുങ്കയം തുടങ്ങിയ കോളനികളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായാല്‍ ഇ-സജ്ഞീവനി പദ്ധതി വിപുലീകരിക്കാമെന്ന് ഡി.എം.ഒ പറഞ്ഞു. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. നിലമ്പൂരില്‍ ഗോത്രവര്‍ഗവിഭാഗക്കാര്‍ക്കായി ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും വന വിഭവങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നുണ്ടെന്നും എക്സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതി നിര്‍വഹണത്തിന് തടസമായ സാങ്കേതിക പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് മലയോര മേഖലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗോത്രവര്‍ഗ്ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് മൂന്നു വര്‍ഷക്കാലത്തേക്ക് മിഷന്‍ രൂപീകരിക്കണമെന്നും വനം, പൊലീസ്, തദ്ദേശ ഭരണം, ഐ.റ്റി.ഡി.പി, കുടുംബശ്രീ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിലമ്പൂരില്‍ പ്രത്യേകമായി യോഗം വിളിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ചാലിയാര്‍, ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്ല്, മമ്പാട്, കരുളായി പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.