വിദ്യാർത്ഥികളിൽ പ്രകൃതിബോധം വർദ്ധിപ്പിക്കാനും കാർബൺ ന്യൂട്രൽ കൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ, കോട്ടുവള്ളി ഗവൺമെൻ്റ് യു പി സ്കൂളിൽ ഗ്രീൻ മാജിക്ക് സംഘടിപ്പിച്ചു. പ്രകൃതി ബോധനം മായാജാലത്തിലൂടെ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത മജീഷ്യൻ ഡേവിസ് വളർകാവാണ് ഗ്രീൻമാജിക്ക് അവതരിപ്പിച്ചത്.
അന്തരീക്ഷത്തിലെ കാർബണിൻ്റെ അളവ് എങ്ങനെ കുറയ്ക്കാം, ഓക്സിജൻ്റെ അളവ് എങ്ങനെ കൂട്ടാം, ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കൽ, കാർബൺ ന്യൂട്രൽ ഭക്ഷണങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക്കിന് ബദൽ എന്തൊക്കെയാണ്, കാർബൺ ബഹിർഗമനം കുറയ്ക്കുന്ന വാഹനങ്ങളുടെ ഉപയോഗം, പരമ്പരാഗത പ്രകൃതി കൃഷി പ്രോത്സാഹനം മുതലായ വിഷയങ്ങൾ മാജിക്കിലൂടെ വിദ്യാർത്ഥികളിലെത്തിച്ചു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജി ഗ്രീൻ മാജിക്ക് ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യാ മാജിക് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രശസ്ത മജീഷ്യൻ വൈദർഷ, മൂഴിക്കുളം ശാല ഡയറക്റ്റർ ടി ആർ പ്രേംകുമാർ, മജീഷ്യൻ ഏഴുപുന്ന ഗോപിനാഥ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.