പത്തനംതിട്ട നഗരസഭയിലെ സുഭാഷ് നഗര്‍- മണ്ണുംകല്‍പടി -അറബി കോളജ് റോഡ് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  20 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍നിര്‍മാണം നടത്തിയ റോഡിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

2017 റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ചില കാരണങ്ങളാല്‍ അന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പുതിയ നഗരസഭാ ഭരണ സമിതി അധികാരത്തിലെത്തിയതോടെയാണ് പുനര്‍നിര്‍മാണത്തിനുള്ള തുടര്‍നടപടികള്‍ വേഗത്തിലായത്. നഗരസഭയുടെ 14,  21  വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്. വാര്‍ഡ് കൗണ്‍സിലര്‍ അഷ്‌റഫ് അധ്യക്ഷനായി. മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.