കാക്കനാട്: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകള്‍ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ വളരെ നേരത്തെ തന്നെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook/dcekm ല്‍ പ്രസിദ്ധീകരിക്കും. റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇടുക്കിയിലും ഇടമലയാറിലും സാവധാനമാണ് ജലനിരപ്പുയരുന്നത്. പെട്ടെന്ന് ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമില്ല. ഇടുക്കി അണക്കെട്ട് തുറക്കുന്ന ഘട്ടമെത്തണമെങ്കില്‍ ഇനിയും എട്ട് അടിയോളം ജലനിരപ്പുയരണം. ഇടമലയാറില്‍ രണ്ടര മീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാലേ സംഭരണശേഷി പൂര്‍ണമാകൂ. രണ്ടിടത്തും പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം നടത്തി ജലം വിനിയോഗിക്കുന്നുണ്ട്. രണ്ടിടത്തും ആദ്യത്തെ മുന്നറിയിപ്പ് മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. മൂന്നാമത്തെ മുന്നറിയിപ്പും നല്‍കി 24 മണിക്കൂറിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജലമൊഴുക്കുക. ഇതിനകം തീരത്തുള്ളവരെ അഭയസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മാറ്റുന്നതിനും സമയം ലഭിക്കും. പെരിയാറില്‍ ജലനിരപ്പുയര്‍ന്നാല്‍ തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബറ്റാലിയനും ജില്ലയിലുണ്ട്.
ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ. 40 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തി ജലപ്രവാഹത്തിന്റെ ഗതി നിരീക്ഷിച്ച ശേഷം ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറക്കുകയെന്നും കളക്ടര്‍ പറഞ്ഞു. പരമാവധി നാലു മണിക്കൂര്‍ നേരത്തേക്കു മാത്രമേ ഇത്തരത്തില്‍ ജലം തുറന്നുവിടുകയുള്ളൂ.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ ചെറുബോട്ടുകള്‍ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നുവച്ചിരിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ മുന്‍കരുതല്‍ പ്രദേശങ്ങളുടെ പട്ടികയില്‍ 51 തദ്ദേശഭരണ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും തയ്യാറെടുപ്പുകളും യോഗം ചര്‍ച്ചചെയ്തു. മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍, ആളുകളെ എത്തിക്കാനുള്ള ബസ്, വഞ്ചി തുടങ്ങിയവയെല്ലാം തയ്യാറായതായി യോഗം വിലയിരുത്തി. ക്യാമ്പ് നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന അധികൃതര്‍ക്ക് കൈമാറാന്‍ റവന്യൂ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസമെത്തിക്കുന്നതിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ജില്ലാ ഭരണകൂടം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു. പെരിയാറിലെ ജലപ്രവാഹം നേരിട്ടു ബാധിക്കുന്ന പ്രദേശങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥിരമായ ദുരന്തനിവാരണ സമിതിയെ നിയോഗിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇവ മഴക്കാലം തുടങ്ങുമ്പോള്‍ മുതല്‍ സജീവമാകണം. പുഴയോരങ്ങളിലുള്ളവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതുപോലെ തന്നെ വെള്ളപ്പൊക്കം കാണാനെത്തുന്നവരും അപകടത്തില്‍ പെടുന്നത് സാധാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിനോദസഞ്ചാരികളടക്കമുള്ള മുഴുവന്‍ സന്ദര്‍ശകരെയും പിന്തിരിപ്പിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദേശം നല്‍കണം. പുഴയിലെ തുരുത്തുകളിലും പുറമ്പോക്കുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കന്നുകാലികള്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ യോഗം ചുമതലപ്പെടുത്തി.
എം.എല്‍.എമാരായ ആന്റണി ജോണ്‍, കെ.ജെ. മാക്‌സി, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ഹൈബി ഈഡന്‍, പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.പി. സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. എസ്. ഷാജഹാന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, വെള്ളപ്പൊക്കം നേരിട്ട് ബാധിക്കാവുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.