നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് താനാളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. തെങ്ങിന്‍ തൈ നട്ട് കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാനങ്ങളിലെ പച്ചക്കറി വാഹനങ്ങളെ കാത്തിരിക്കുന്ന അടുക്കള ആകരുത് നമ്മുടേതെന്നും നമുക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സല്‍മത്ത് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന കര്‍ഷകനെയും, കര്‍ഷക തൊഴിലാളിയേയും ചടങ്ങില്‍ ആദരിച്ചു.

താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. പരിപാടിയോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍, കാര്‍ഷിക യന്ത്ര കേര ഉത്പന്ന പ്രദര്‍ശനം, വിവിധ കാര്‍ഷികോപകരണ വിതരണം, ഇടവിള കിറ്റ് പച്ചക്കറി തൈ വിതരണം എന്നിവയുമുണ്ടായിരുന്നു. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമീറ കുനിയില്‍, മലപ്പുറം കാര്‍ഷിക ഡെപ്യൂട്ടി ഡയറക്ടര്‍ സൂസമ്മ ജോര്‍ജ്, മലപ്പുറം കാര്‍ഷിക ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു ജോര്‍ജ്, പൊന്‍മുണ്ടം കാര്‍ഷിക അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സൈഫുന്നീസ ,കൃഷി ഓഫീസര്‍ ശില്‍പ എന്നിവര്‍ പങ്കെടുത്തു.