സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം സംഘടിപ്പിച്ചു. ഇതുവരെയുളള പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി യോഗം വിലയിരുത്തി. 368 കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുളളവരാണെന്നും ഇവര്‍ എല്ലാവരും തന്നെ പദ്ധതിയുടെ ഭാഗമായി വരണമെന്നും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍തലത്തില്‍ പുതുതായി വന്ന ഭേദഗതി പ്രകാരം നിലവില്‍ 50 മീറ്ററിനുളളില്‍ സ്വന്തം ഉടമസ്ഥതയിലുളള സ്ഥലം സര്‍ക്കാരിലേക്കു വിട്ടു കൊടുക്കേണ്ടതില്ലെന്നും പദ്ധതി പ്രകാരം വാങ്ങുന്ന സ്ഥലത്തിന് ആധാരചെലവുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. .

മാര്‍ച്ച് 7 മുതല്‍ 14 വരെയുളള ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല യോഗം കൂടും. 50 മീറ്ററിന് പുറത്ത് താമസിക്കുന്ന, നിരന്തരം വെളളക്കെട്ട് ഭീഷണി നേരിടുന്നവരുമായ ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനും തീരുമാനിച്ചു.

പുനര്‍ഗേഹം പദ്ധതിക്കായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമാകുന്ന സാഹചര്യമുണ്ടെങ്കില്‍ അത് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുവാനും ഈ ഭൂമി സര്‍ക്കാര്‍ ചെലവില്‍ വാങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. തീരപ്രദേശത്തോട് ചേര്‍ന്നു താമസിക്കുന്ന ആളുകളെ പുനര്‍ഗേഹം പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി ‘സാഗര്‍മിത്ര’മാരേയും കൂടി പഞ്ചായത്ത്തലത്തില്‍ നിര്‍വഹണ ചുമതല നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ഖാന്‍ സ്വാഗതം ആശംസിച്ചു. ജൂനിയര്‍ സൂപ്രണ്ട് പി.സന്ദീപ് പദ്ധതി വിശദീകരിച്ചു. വൈപ്പിന്‍ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കല്‍, പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.