കോവിഡ് കാലത്ത് സഭ സമ്മേളിച്ചത് 61 ദിവസം
നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ശുപാർശ നൽകാനായി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് കമ്മിറ്റി. സമ്പൂർണ കടലാസ് രഹിത സഭ എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിനായി വിഭാവനം ചെയ്ത ഇ നിയമസഭ പദ്ധതിയും അവസാന ഘട്ടത്തിലാണ്.
കേരള നിയമസഭയും നിയമസഭാ സമിതികളും കോവിഡ് കാലത്തും ഫലപ്രദമായി പ്രവർത്തിച്ചതായി സ്പീക്കർ പറഞ്ഞു. 2021ൽ 61 ദിവസമാണ് സഭ ചേർന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം പ്രവർത്തിച്ചത് കേരള നിയമസഭയാണ്. ഈ കാലയളവിൽ 60ൽ താഴെ ദിവസങ്ങളിലാണ് ലോക്‌സഭ സമ്മേളിച്ചത്. യു. പി.നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11 ദിവസവുമാണ് സമ്മേളിച്ചത്. നിയമസഭാ സമിതികളുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ഓൺലൈൻ യോഗങ്ങൾ നടത്താൻ ഇന്ത്യയിൽ ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ജനാധിപത്യത്തിന്റെ കേരള മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഈ മികച്ച നേട്ടം അഭിമാനകരമാണെന്ന് സ്പീക്കർ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിലുള്ള വനിതാ സാമാജികരെ പങ്കെടുപ്പിച്ച് രണ്ടു ദിവസത്തെ നാഷണൽ വിമൻ ലെജിസ്‌ലേച്ചേഴ്‌സ് കോൺഫറൻസ് ഏപ്രിലിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരാനുഭവങ്ങൾ വിശദമാക്കുന്ന സമഗ്രമായ ഓഡിയോ വീഡിയോ ചിത്രപ്രദർശനം നിയമസഭാ മ്യൂസിയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. നിയമസഭാ ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്‌സവം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു.