ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബല്‍വന്ത്‌റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഒരു കുടുംബം എന്ന വികാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ എല്ലാവര്‍ക്കും ഉണ്ടാവണം. എങ്കില്‍ മാത്രമേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിനു തക്കതായ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യുകയുള്ളു. ജനങ്ങള്‍ക്ക് സേവനം അനുഷ്ഠിക്കുക എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുക എന്നല്ല, മറിച്ച് അവരുടെ വികാരങ്ങളും, ആശകളും, ആശങ്കകളും ഒപ്പിയെടുക്കാന്‍ കഴിയുക എന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിജയരഹസ്യം ആത്മാര്‍ഥമായി കടന്നു വരുന്ന ഗുണഭോക്താക്കളാണ്.

തുടര്‍ന്നും ഏറ്റവും നല്ലരീതിയില്‍ ജനങ്ങള്‍ക്ക് ഉതകുന്ന പ്രകൃതി സൗഹാര്‍ദമായ പ്രോജക്ടുകള്‍ വയ്ക്കുകയും അവയില്‍ ഗുണഭോക്താക്കള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
2020-21 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിയില്‍ ഒന്നാം സ്ഥാനം നേടിയ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം നേടിയ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ പുരസ്‌കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു. ജനപ്രതിനിധികളും, ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കളക്ടര്‍ പുരസ്‌കാരവും, സാക്ഷ്യപത്രവും നല്‍കി. ജനപ്രതിനിധികളും, ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.