വാര്‍ഷിക ആഘോഷം 

ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം ഒന്‍പതാം വയസിലേക്ക്. സെന്ററിന്റെ എട്ടാം വാര്‍ഷിക ആഘോഷം ആലുവ ബ്ലഡ് ബാങ്ക് ഹാളില്‍ ഇന്ന്(20)നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

അന്‍വര്‍ സാദത്ത് എംഎല്‍എ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, ഡോ. നീരജ് സിദ്ദാര്‍ത്ഥന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.ജെ. ജോമി, റാണികുട്ടി ജോര്‍ജ്, ആശ സനില്‍, കെ.ജി.ഡോണാ മാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, അനില്‍കുമാര്‍, ഷാരോണ്‍ പനക്കല്‍, മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, എം.പി. ഷൈനി, സെക്രട്ടറി ജോബി തോമസ്, കൗണ്‍സിലര്‍ പി.പി. ജയിംസ്, ജിമ്മി മാനുവല്‍, സിറാജ് (ജെ.എച്ച്.ഐ), ആശുപത്രി സൂപ്രണ്ട്് ഡോ. പ്രസന്നകുമാരി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിക്കും.

ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹീമോഫിലിയ രോഗികള്‍ക്കായുള്ള ട്രീറ്റ്‌മെന്റ് സെന്റര്‍ കേരളത്തിലെ തന്നെ ആദ്യത്തെയും, അന്തര്‍ ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമാണ്. രോഗനിര്‍ണ്ണയം, ഒപി/ ഐപി പരിചരണം, ഫിസിയോതെറാപ്പി, കൗണ്‍സിലിംഗ്, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ എന്നിവ ഒരു കുടക്കീഴില്‍ സൗകര്യമൊരുക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. സ്റ്റേറ്റ് ഗവണ്മെന്റിന്റെ ആശധാര പ്രോഗ്രാമിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ക്കുള്ള പരിശീലനവും നല്‍കി വരുന്നു.

ഇവിടെ 1177 രോഗികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത് ചികിത്സ സ്വീകരിച്ചിട്ടുണ്ട്. 20-03-2015 ലെ ഹീമോഫിലിയ നാഷണല്‍ കോണ്‍ക്ലേവ് ഈ സ്ഥാപനത്തിലാണ് നടത്തിയത്. ആ ദിവസം തന്നെ റോയല്‍ മെഡിസിന്‍ പ്രോജെക്ടറും ആരംഭിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രതിരോധ ചികിത്സ (പ്രൊഫിലാക്സിസ്) ഇന്ത്യയില്‍ ആദ്യമായി ഈ സ്ഥാപനത്തിലാണ് തുടങ്ങിയതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.ജോമി പറഞ്ഞു. കേരളത്തില്‍ ആദ്യമായി 18 വയസില്‍ താഴെയുള്ള ഹീമോഫിലിയ രോഗികള്‍ക്ക് പ്രതിരോധ മരുന്ന് (പ്രൊഫിലാക്‌സിസ്) ചികിത്സയ്ക്കുള്ള ഫാക്ടറും ,ഫിസിയോതെറാപ്പി, ലാബ് യൂണിറ്റുകള്‍ക്കുള്ള ട്രെയിനിങ്ങുകളുടെ നടത്തിപ്പിനുമായി 4,37,89,179 രൂപ ജില്ലാ പഞ്ചായത്ത് ചിലവഴിക്കുകയുണ്ടായി. അന്‍വര്‍ സാദത്ത് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28,0000 രൂപ ചിലവഴിച്ചാണ് അക്വാട്ടിക് തെറാപ്പി പൂള്‍ ഹീമോഫിലിയ രോഗികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കൂടി സഹകരണത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഫണ്ടുകളും നഗരസഭയും നിരവധി സ്ഥാപനങ്ങളടക്കമുള്ളവരുടെ സഹായവും ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചതായും ഇത്തവണ 1.3 കോടി രൂപ സെന്ററിന് മരുന്നിനായി ജില്ലാ പഞ്ചായത്ത് നല്‍കിയതായും പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ഹെമോഫിലിയ സെന്ററിന്റെ തുടക്കം മുതല്‍ സ്ഥാപനത്തെ മികച്ച രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന റിട്ട. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിജയകുമാര്‍ 2011 ഫെബ്രുവരിയി ഗവണ്‍മെന്റിലേക്കു കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനത്തിന് തുടക്കമായത്. 2013 ഏപ്രില്‍ 17 നു ലോക ഹീമോഫിലിയ ദിനത്തില്‍ അന്നത്തെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയാണ് സ്ഥാപനത്തിന് തറക്കല്ലിട്ടത്. 20-02-2014 ല്‍ അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു.

അവാര്‍ഡുകള്‍:

രാജ്യത്തിന് മാതൃകയായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്‌പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ (എച്ച്ടിസി, ട്വിന്നിംഗ്‌സ് പാര്‍ട്ണന്‍ പുരസ്‌കാരവും ഗ്രി ഫോള്‍സ് ഹിമോഫിലിയ അവയര്‍നെസ് ഗ്ലോബല്‍ അവാര്‍ഡും ഹീമോഫീലിയ രോഗികളുടെ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ച് സ്വകാര്യത കൈവിടാതെ സൂക്ഷിച്ചതിന് 2021 ലെ ഡാറ്റ എക്‌സലന്‍സി അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്. ഇവിടുത്തെ രണ്ട് ജീവനക്കാര്‍ക്കും അന്തര്‍ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു.