സ്കൂൾ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം. പി ആരംഭിച്ച ബാക്ക് ടു സ്കൂൾ വാക്സിനേഷൻ ഡ്രൈവ് എറണാകുളം സെന്റ് തെരെസാസ് സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. ഐ സി ഐ സി ഐ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്‌കൂളുകളിൽ വാക്സിനേഷൻ ഡ്രൈവിന് സഹായമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യനുസരണം ഓരോ സ്‌കൂളുകൾക്കും ക്യാമ്പുകൾ സംഘടിപ്പിച്ച് നൽകുമെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. നേരത്തെ കോളേജ് വിദ്യാർഥികൾക്കായി ബാക്ക് ടു കോളേജ് പദ്ധതിയും എം. പി സംഘടിപ്പിച്ചിരുന്നു. 5000 ൽ പരം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി അന്ന് സൗജന്യ വാക്സിനേഷൻ നടത്തിയിരുന്നു.

സെന്റ് തെരെസാസ് കോളേജിൽ 626 കുട്ടികൾക്കാണ് വാക്സിനേഷൻ നൽകിയത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ കൂടുതൽ സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്നും എം. പി പറഞ്ഞു. ഐ സി ഐ സി ഐ ഫൗണ്ടേഷൻ സെന്റർ ഇൻ ചാർജ് പ്രീതി നായർ, പ്രോഗ്രാം മാനേജർ സജിത്ത് എസ്, ഐ സി ഐ സി ഐ മറൈൻ ഡ്രൈവ് ബാങ്ക് മാനേജർ വിജയ്, സെന്റ് തെരെസാസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നീലിമ, ഹെഡ്‌മിസ്ട്രസ് സിസ്റ്റർ മാർജി തുടങ്ങിയവർ പങ്കെടുത്തു.