പാലമേല്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആദിക്കാട്ടുകുളങ്ങര എസ്.എച്ച്. ഓഡിറ്റോറിയം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പാലമേല്‍ ഗ്രാമപഞ്ചായത്തിനെ ഒരു കേരഗ്രാമമായി പരിഗണിച്ച് കര്‍ഷകരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതിന്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ കേരസമിതികള്‍ രൂപീകരിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ജനപ്രധിനികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി വെളുമ്പിയെ ചടങ്ങില്‍ ആദരിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ പദ്ധതി വിശദീകരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലനവുമുണ്ടാകും. സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ലാബിന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നടക്കുന്ന കാര്‍ഷിക സെമിനാറില്‍ തെങ്ങ് കൃഷി പരിപാലന മുറകളും രോഗകീട നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ജെ. സജീവ് ക്ലാസെടുക്കും.