കോതമംഗലത്തെ പുതിയ സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ നിര്‍മ്മാണം മാർച്ചിൽ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി വി എന്‍ വാസവന്‍. ഇതു സംബന്ധിച്ച ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന്‌ മറുപടി പറയുമ്പോള്‍ ആണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

വര്‍ഷത്തില്‍ 5000 ത്തോളം ആധാര രജിസ്‌ട്രേഷനും, 14000 ത്തോളം ബാധ്യത സര്‍ട്ടിഫിക്കറ്റുകളും, 4000 ത്തോളം ആധാര പകര്‍പ്പുകളും ലഭ്യമാക്കുന്ന കോതമംഗലം സബ്‌ രജിസ്ട്രാർ ഓഫീസ്‌ കോംപ്ലെക്സ്‌ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികൾ പുരോഗമിക്കുകയാണ്.
കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പെയിന്റിങ്ങ്‌,ഫ്ലോറിങ്ങ്‌,ജനാല,വാതിലുകള്‍, ചുറ്റുമതിലുകളുടെ നിര്‍മ്മാണം,റൂഫില്‍ ട്രസ്സ്‌ വര്‍ക്ക്‌ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്‌. പ്ലംബിംഗ്, ശുചി മുറികളുടെ ജോലികള്‍ എന്നിവ പുരോഗമിക്കുന്നു. കിണര്‍,കോര്‍ട്ട്‌ യാഡിന്റെ ടൈല്‍ വര്‍ക്കുകള്‍,ടെറസ്‌,ക്യാബിന്‍ റിക്കാര്‍ഡ്‌ റൂമിന്റെ കോംപാക്ടര്‍ സംവിധാനം,ലിഫ്റ്റ്‌ സംവിധാനം എന്നിവ പൂര്‍ത്തീകരിക്കേണ്ടതുണ്ട്‌. പൊതു ജനങ്ങള്‍ക്കുള്ള വാഹന പാര്‍ക്കിങ്ങ്‌ സാകര്യം,റാമ്പ്‌,ശുചി മുറികള്‍,വെയ്റ്റിങ്ങ്‌ റൂം, മുതലായ സാകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നുണ്ട്‌.ഇവയില്‍ റാമ്പ്‌,വെയ്റ്റിങ്ങ്‌ റൂം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌.

കോവിഡ് പ്രതിസന്ധി നിർമ്മാണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്തമാസം പത്താം തീയതിയോടെ നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.